കൊവിഡ് 19 രോഗബാധ സംശയത്തെ തുടർന്ന് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ച യുവതി പ്രസവിച്ചു. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് മുപ്പതുകാരിയായ യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. രണ്ടുദിവസം മുമ്പ് എത്തിയ കാസർഗോഡ് ജില്ലക്കാരിയാണ് ഇവർ.
സംസ്ഥാനത്ത് കൊവിഡ് വൈറസ് റിപ്പോർട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് നിരീക്ഷണത്തിനുള്ള യുവതി ആശുപത്രിയിൽ പ്രസവിക്കുന്നത്. അടിയന്തര ഘട്ടത്തിലായതിനാൽ ശസ്ത്രക്രിയയിലൂടെയായിരുന്നു കുട്ടിയെ പുറത്തെടുത്തത്. കൊവിഡ് സംശയിക്കുന്നവർക്കായി ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച മെറ്റേണിറ്റി വാർഡിലെ ഓപ്പറേഷൻ തിയേറ്ററിൽ ആയിരുന്നു കുട്ടിയുടെ ജനനം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോക്ടർ കെ. സുദീപ് അറിയിച്ചു. യുവതിയുടെ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല.