ജീവനക്കാരന് കൊറോണ വൈറസ് സംശയിക്കുന്ന സാഹചര്യത്തിൽ പ്രമുഖ ഐ.ടി കമ്പനിയായ ഇൻഫോസിസ് ബംഗളൂരുവിലെ കെട്ടിടം ഒഴിപ്പിച്ചു. ജീവനക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് നടപടിയെന്ന് ബംഗളൂരു ഡവലപ്മെന്റ് സെന്റർ ഹെഡ് ഗുരുരാജ് ദേശപാണ്ഡെ അറിയിച്ചു.ടെക്കികൾ ജാഗ്രത പാലിക്കണം. ഏതെങ്കിലും സോഷ്യൽ മീഡിയ ചാനലുകൾ വഴി കേൾക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കുകയോ അത്തരം സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു’- ഗുരുരാജ് ദേശപാണ്ഡെ വ്യക്തമാക്കി. അതേസമയം അടിയന്തര സാഹചര്യങ്ങളുണ്ടാകുകയാണെങ്കിൽ കമ്പനിയുടെ ആഗോള ഹെൽപ്പ് ഡെസ്ക് നമ്പറുകളുമായി ബന്ധപ്പെടാനും അദ്ദേഹം നിർദേശം നൽകി.
ഈ സാഹചര്യം വളരെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ പിന്തുണ അഭ്യർത്ഥിക്കുന്നുവെന്നും ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ ഗുരുരാജ് ദേശപാണ്ഡെ വ്യക്തമാക്കി.ടെക്കികളെ ഒരാഴ്ചത്തേക്ക് വീടുകളിൽ നിന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. രാജ്യത്ത് കൊറോണ ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തത് കർണാടകയിലാണ്. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബംഗളൂരുവിലെ പൊതുപരിപാടികളെല്ലാം റദ്ദാക്കിയിരിക്കുകയാണ്.