കഴിഞ്ഞ രാത്രി പ്രധാനമന്ത്രി രാജ്യത്താകെ പരിപൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച അർദ്ധരാത്രി മുതലാണ് ലോക്ക്ഡൗൺ നിലവിൽ വരികയെന്നും കൊറോണ രോഗബാധയെ പ്രതിരോധിക്കാൻ ഇതാണ് പോംവഴിയെന്നും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ രാജ്യത്ത് ഏതൊക്കെ സേവനങ്ങളാണ് ലോക്ക്ഡൗണിന്റെ ഭാഗമാക്കുക എന്നും എന്തൊക്കെ അതിൽ നിന്നും ഒഴിവാക്കപ്പെടുമെന്നുമുള്ള കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാരഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്.
ലോക്ക്ഡൗണിൽ നിന്നും ഒഴിവാക്കപ്പെടുന്ന സേവനങ്ങൾ താഴെ പറയുന്നവയാണ്
1. ആശുപത്രികൾ, മറ്റ് ചികിത്സാലയങ്ങൾ.
2. റേഷൻ കടകൾ, ഭക്ഷണം, പലവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ എന്നിവ വിൽക്കുന്ന കടകൾ, ബൂത്തുകൾ.
3. ബാങ്കുകൾ, ഇൻഷുറൻസ് ഓഫീസുകൾ, എ.ടി.എമ്മുകൾ.
4. അച്ചടി, ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ.
5. ഇ-കോമേഴ്‌സ് വഴിയുള്ള ഭക്ഷണം, മരുന്നുകൾ, ചികിത്സോപകരണങ്ങൾ എന്നിവയുടെ വിതരണം(ഹോം ഡെലിവറി).
6. പെട്രോൾ പമ്പുകൾ, ഗ്യാസ്, എൽ.പി.ജി, പെട്രോളിയം എന്നിവയുടെ റീറ്റെയ്ൽ, സംഭരണ ഔലെറ്റുകൾ.
7. പൊലീസ്, ഹോം ഗാർഡ്‌സ്, സിവിൽ ഡിഫെൻസ്, അഗ്നിശമന, അടിയന്തര സേവനങ്ങൾ. ദുരന്ത നിവാരണം, ജയിലുകൾ.
8. വൈദ്യുതി, ജലം, ശുചീകരണം.
9. നഗരസഭാ കാര്യാലയങ്ങൾ – ജലവിതരണം, ശുചീകരണം എന്നീ സേവനങ്ങളുമായി ബന്ധപ്പെട്ട ജീവനക്കാർ മാത്രം ജോലിക്കെത്തണം.
10. ജില്ലാ ഭരണകൂടവും ട്രഷറിയും.
11. മരണാന്തര ചടങ്ങുകളുടെ കാര്യത്തിൽ, 20 പേരിൽ കൂടുതൽ ആളുകൾ ഒത്തുകൂടാൻ പാടില്ല.
12. കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെയും മറ്റുള്ളവരെയും താമസിപ്പിച്ചിരിക്കുന്ന ഹോട്ടലുകൾ, ലോഡ്ജുകൾ, മോട്ടലുകൾ, ഹോംസ്റ്റേകൾ.
13. വാർത്താ വിനിമയ, വിനിമയ സംവിധാനങ്ങൾ. ഇന്റർനെറ്റ് സേവനങ്ങൾ, കേബിൾ സേവനങ്ങൾ, ഐ.ടി, ഐ.ടി ഇനേബിൾഡ് സേവനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്നവർ കഴിവതും വീട്ടിൽ നിന്നുതന്നെ ജോലി ചെയ്യണം.
14. വൈദ്യുതോദ്പാദന, പ്രസരണ, വിതരണ, സേവനങ്ങളും യൂണിറ്റുകളും.
15. ‘സെബി’ നോട്ടിഫൈ ചെയ്തിട്ടുള്ള ക്യാപിറ്റൽ ടെറ്റ് മാർക്കറ്റ് സേവനങ്ങൾ.
ലോക്ക്ഡൗൺ ബാധകമാകുന്ന സേവനങ്ങൾ
1. കേന്ദ്ര സർക്കാർ ഓഫീസുകൾ, കേന്ദ്രത്തിന് പൂർണാധികാരമുള്ള/അനുബന്ധ ഓഫീസുകൾ, പൊതു കോർപ്പറേഷനുകൾ.
2. വ്യോമ, റെയിൽ, റോഡ് തുടങ്ങിയ എല്ലാ ഗതാഗത സംവിധാനങ്ങളും.
3. എല്ലാ വിദ്യാഭ്യാസ, പരിശീലന, ഗവേഷണ, കോച്ചിംഗ് സ്ഥാപനങ്ങളും.
4. എല്ലാ ആരാധനാലയങ്ങളും. ഒരു തരത്തിലുമുള്ള മതപരമായ ഒത്തുകൂടലുകളും അനുവദിക്കുന്നതല്ല. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.
5. ഒരു തരത്തിലുമുള്ള സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, അക്കാദമിക, സാംസ്കാരിക, മത ചടങ്ങുകളും ഒത്തുകൂടലുകളും പാടില്ല.
6. ആതിഥ്യ സേവനങ്ങൾ.
7. വ്യാവസായിക സ്ഥാപനങ്ങൾ.
തിരുവനന്തപുരം ജില്ലയിൽ പാലിക്കേണ്ട കാര്യങ്ങൾ
1. ഒരു സ്ഥലത്തും അഞ്ചിൽ അധികം ആളുകൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല
2. അടിയന്തര ആവശ്യങ്ങൾക്കായി മാത്രമേ വീടുകളിൽ നിന്ന് പുറത്തിറങ്ങുക
3. ഒരു വീട്ടിൽ നിന്നും ഒരാൾ എന്ന നിലയിൽ മാത്രമേ പുറത്തിറങ്ങുക.
4. വിദേശത്ത് നിന്ന് വരുന്നവരെ കൂടാതെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുക
5. ആശുപത്രികളിൽ സന്ദർശകർ, കൂട്ടിരിപ്പുകാർ എന്നീ പേരുകളിൽ ഒന്നിലധികം പേർ എത്തുന്നതിനും നിരോധനമുണ്ട്.
6. സർക്കാർ നിർദേശങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ ഐപിസി 269, 188, 270, കേരള പൊലീസ് ആക്ട് 120 പ്രകാരമുളള പോലുള്ള നടപടികൾ സ്വീകരിക്കുന്നതായിരിക്കും.
കേരളത്തിൽ ആവശ്യസേവനങ്ങൾക്കായി പുറത്തിറങ്ങുന്നവർക്ക് പോലീസ് പാസ്
പാസ് വേണ്ടവർ
ഡോക്ടർമാർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ, മൊബൈൽ ടവർ ജീവനക്കാർ, കോവിട് പ്രതോരോധപ്രവർത്തനങ്ങളുമായി സർക്കാരിനോട് സഹകരിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ, പൽ പത്രവിതരണ ജീവനക്കാർ, മെഡിക്കൽ ഷോപ്, പെട്രോൾപമ്പ്, ആവശ്യസാധന ഷോപ്പുകൾ എന്നിവയിലെ ജീവനക്കാർ, തുടങ്ങിയവർക്ക് ജില്ലാപോലീസ് മേധാവിയിൽ നിന്നും പാസ് കൈപ്പറ്റി വേണം പുറത്തിറങ്ങാൻ.
പാസ് വേണ്ടാത്തവർ
സർക്കാർ ജീവനക്കാർ, പത്ര/മാധ്യമപ്രവർത്തകർ എന്നിവർക്ക് അവരവരുടെ ഈദ് ഐഡി കാർഡുകൾ മതിയാകും.