തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതര ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയ മൂന്ന് ഹോട്ടലുകളുടെ പ്രവർത്തനം നിർത്തിവച്ചു. മണക്കാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പൊറോട്ട സെന്റർ, സംസം ബേക്കറി പഴകിയ ഭക്ഷ്യ പദാർത്ഥങ്ങൾ സൂക്ഷിക്കുകയും ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാതെ പ്രവർത്തിക്കുകയും ചെയ്ത കരമനയിലെ വൺ ടേക്ക് എവേ എന്ന സ്ഥാപനങ്ങളുടെ പ്രവർത്തനമാണ് നിർത്തിവയ്പ്പിച്ചത്. 97 സ്ഥാപനങ്ങൾ പരിശോധിച്ചതിൽ, ഭക്ഷ്യസുരക്ഷാ മാനദണ്ഡം ലംഘിച്ച 47 സ്ഥാപനങ്ങൾക്ക് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നോട്ടീസ് നൽകി. ഗുരുതര വീഴ്ച കണ്ടെത്തിയ 10 സ്ഥാപനങ്ങൾക്ക് പിഴ ചുമത്താൻ നടപടി സ്വീകരിച്ചു. 54 ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ 14 സ്‌ക്വാഡുകളാണ് പരിശോധനയിൽ പങ്കെടുക്കുന്നത്. വ്യാഴാഴ്ച ആരംഭിച്ച പരിശോധന മാർച്ച് 10 വരെ തുടരും