“ഞാനൊരു പൊൻമാനായി മടങ്ങി വരും, എന്നിട്ട് ഒരോ മരത്തിലും കുളത്തിനു മീതെയും തൊടികളിലൂടെയും പറന്ന് നടക്കും…. ” കമലാ സുരയ്യ എന്ന മാധവിക്കുട്ടി നമ്മോടു വിടപറഞ്ഞിട്ട് ഇന്നേക്ക് പതിനൊന്ന് വർഷം

“ഞാനൊരു പൊൻമാനായി മടങ്ങി വരും , എന്നിട്ട് ഒരോ മരത്തിലും കുളത്തിനു മീതെയും തൊടികളിലൂടെയും പറന്ന് നടക്കും…… ”
കമലാ സുരയ്യ എന്ന മാധവിക്കുട്ടി എന്ന കമലാദാസ്‌ നമ്മോടു വിടപറഞ്ഞിട്ട് ഇന്നേക്ക് പതിനൊന്ന് വർഷം തികയുന്നു. ജീവിതാനുഭവങ്ങളുടെ ചീനച്ചട്ടിയിൽ കിടന്നു തിളച്ചുകൊണ്ടിരിക്കെ ഇടക്കിടെ പൊട്ടിത്തെറിച്ച് പുറത്തുചാടിക്കൊണ്ടിരുന്ന കടുകുമണികളുടെ വീറായിരുന്നു നാലപ്പാട്ടെ കമലയുടെ എഴുത്തിന്. ജീവിതം ഇടയ്ക്കിടെ നൽകിയിരുന്ന തിക്താനുഭവങ്ങളെ അവരുടെ സർഗാത്മക ഹൃദയം അതിജീവിച്ചത് തന്റെ എഴുത്തുകളിലൂടെയായിരുന്നു. പലപ്പോഴും എഴുത്തിൽ ജീവിതവും ഭാവനയും ഇടകലർന്നൊഴുകി. കമലയുടെ പേനയിൽ നിന്നും പ്രവാഹം തുടങ്ങിയാൽ പിന്നെ എഴുത്തിന് കഥയെന്നോ, നോവലെന്നോ, കവിതയെന്നോ, ആത്മകഥയെന്നോ ഒന്നും ഭേദമുണ്ടായിരുന്നില്ല. ഒരു തരത്തിൽ അത് വായനക്കാരന് അനുഗ്രഹമായി. അവർ നേരിട്ടനുഭവിച്ച ഓരോ ജീവിത, സ്വപ്ന, സങ്കല്പ പരിസരങ്ങളും തരിമ്പും ചോരാതെ തന്നെ വായനക്കാരനും അനുഭവവേദ്യമായി. ആത്മകഥയുടെ കാര്യത്തിൽ ചിലരതിനെ കാപട്യമെന്നും കളവെന്നുമൊക്കെ വിളിച്ചു. ഒക്കെ ആമിയുടെ തോന്നലായിരുന്നു എന്ന് ഇകഴ്ത്തി. ഒന്നും അവർ നിഷേധിക്കാൻ നിന്നില്ല. അങ്ങനെയൊരു കഥ അവനവന്റേതെന്ന് എഴുതിപ്പോയതിൽ ഒരിക്കൽപ്പോലും പശ്ചാത്തപിച്ചുമില്ല.

സ്വന്തം ജീവിതത്തെക്കുറിച്ചും സ്വന്തം ലോകത്തെക്കുറിച്ചും ഇത്രയധികം എഴുതിയ മറ്റൊരാൾ മലയാളത്തിലുണ്ടാകുമോ? നാലപ്പാട്ട് തറവാട്ടിൽ ഓരോരുത്തരും തേച്ച തൈലങ്ങളെക്കുറിച്ചുപോലും മാധവിക്കുട്ടി പലതവണ എഴുതിയിട്ടുണ്ട്. ദേഹത്തു തേയ്ക്കാൻ ദിനേശവല്യാദി, തലയിൽ തേയ്‌ക്കാൻ നീലിഭൃംഗാദി, അച്‌ഛന് അസനവില്വാദി… ആദിയായ തൈലങ്ങൾ ആദിയും അന്തവുമില്ലാതെ അവർ എഴുത്തിലും തേച്ചുപിടിപ്പിച്ചു. എല്ലാവരും മുട്ടിനും പാദത്തിനും തൈലമിട്ടപ്പോൾ മാധവിക്കുട്ടി വാക്കുകൾക്കും കുറച്ചു തൈലമിട്ടു. വാക്കുകൾ കൂടുതൽ ചെറുപ്പമായി. എത്രയെത്ര എഴുത്തുവിഷയങ്ങൾ.

മാധവിക്കുട്ടിയുടെ ഓർമകളിൽ കടന്നുവരുന്ന വാല്യക്കാർക്കുതന്നെ കയ്യും കണക്കുമില്ലായിരുന്നു. ഒരുപക്ഷേ, മലയാള സാഹിത്യത്തിൽ ഏറ്റവും കൂടുതൽ വാല്യക്കാരുണ്ടായിരുന്നത് വാക്കുകളുടെ ഈ യജമാനത്തിക്കായിരിക്കും കൂലി നാരായണൻ നായർ മുതൽ ജാനുവമ്മയും ചിരുതേയിയമ്മയും വരെയുള്ള വാല്യക്കാരെക്കുറിച്ച് എന്റെ വാല്യക്കാർ എന്ന ഒരു പുസ്‌തകംതന്നെ മാധവിക്കുട്ടിക്ക് എഴുതാമായിരുന്നു.

മരിച്ചു പോയ എഴുത്തുകാർ പുസ്തകങ്ങളായി പുനർജ്ജനിക്കുമെന്നു പറഞ്ഞു പോയതാരാണ്? അങ്ങനെയെങ്കിൽ ഷെൽഫിൽ വായിച്ചും വായിക്കാതെയും അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങളെല്ലാം അതെഴുതിയ എഴുത്തുകാർ കുടി കൊള്ളുന്ന ശവപ്പറമ്പുകൾ ആവുമോ… സ്വയം പകുത്തെടുക്കപ്പെട്ട എഴുത്തുകാരുടെ ആത്മാക്കൾ ഓരോ പുസ്തകങ്ങളിലൂടെ എത്രയെത്ര ഷെല്ഫുകളിൽ സ്വന്തം വായനയുടെ ഊഴം കാത്തു കിടപ്പുണ്ടാകാം? മാധവിക്കുട്ടിയെ വായിക്കാനെടുക്കുമ്പോൾ ഒരു പരകായ പ്രവേശം അനുഭവപ്പെടാറുണ്ട്. ഒരു പക്ഷെ മറ്റ് ഏതൊരു എഴുത്തുകാരും പിടി തരാത്ത വായനയുടെ വസന്തങ്ങളിലേയ്ക്ക് സ്നേഹത്തെ കുറിച്ച് മാത്രം പറഞ്ഞു കൊണ്ട് ഒരാൾ കയറി വരുമ്പോൾ എങ്ങനെ അനുഭൂതിയെ സ്വയം ഏറ്റു വാങ്ങാതെയിരിക്കും? മാധവിക്കുട്ടിയെന്നാൽ സ്ത്രീകൾക്ക് പറയാൻ പറ്റാതെ പോയ വരികളുടെ ആത്മാവിഷ്കാരവും പുരുഷന് ഒടുങ്ങാത്ത കാമനയുമാണ്.

പുന്നയൂർക്കുളത്തിനും കൽക്കട്ടയ്ക്കും ഇടയിൽ പിന്നിട്ട ബാല്യകൗമാരങ്ങളുടെ സന്ധ്യക്കാണ് പഠിക്കാൻ മോശമായിരുന്നു എന്ന പേരിൽ, തന്റെ ഇരട്ടി പ്രായമുള്ള, ബന്ധു കൂടിയായ മാധവദാസുമായി അവരുടെ വിവാഹം നടക്കുന്നത്. ഐ എം എഫിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹവുമായുള്ള മാധവിക്കുട്ടിയുടെ ദാമ്പത്യം സുഖദുഃഖസമ്മിശ്രമായിരുന്നു. ‘എന്റെ കഥ’യിൽ പ്രതിപാദ്യമായ അതിലെ അസ്വാരസ്യങ്ങളുടെയും അക്കാലത്തെ അവരുടെ പ്രണയസഞ്ചാരങ്ങളുടെയും മറ്റും വിശദാശംങ്ങൾ ശരാശരി മലയാളിയുടെ സദാചാര മനസ്സിനെ തെല്ലൊന്നുമല്ല പിടിച്ചുലച്ചത്.

“അവർ എന്തെഴുതിയാലും വായിക്കാൻ രസമാണ്, സംസാരം കവിതപോലെയാണ്. അവര്‍ക്കു മാത്രം പരിചയമുള്ള ലോകങ്ങളെക്കുറിച്ച് എഴുതി മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്…”
എന്ന് മാധവിക്കുട്ടി മരിച്ചിടെ മലയാളത്തിന്റെ മഹാപുണ്യം എം ടി എഴുതി. അതുതന്നെയാണ് മാധവിക്കുട്ടിയുടെ എഴുത്തുകളെപ്പറ്റി പറയാവുന്നതിൽ വെച്ച് ഏറ്റവും ആത്മാർത്ഥമായ ഒരു അഭിപ്രായം. അനുഭവങ്ങൾ, അതെത്ര ചെറുതുമാവട്ടെ, അവയുടെ ഭാവ പരിസരങ്ങളിലേക്ക് നമ്മളെ ചേർത്തുനിർത്താനുള്ള അപാരമായ ഒരു കഴിവുണ്ട് മാധവിക്കുട്ടിയുടെ എഴുത്തിന്.

മാധവിക്കുട്ടിയുടെ ആഗ്രഹങ്ങളും, ചിന്തകളും, സംസാരവും ഒക്കെ വളരെ ആത്മാർത്ഥമായിരുന്നു. ആരെയും കണ്ണടച്ച് വിശ്വസിക്കുമായിരുന്നു അവർ സ്നേഹത്തിന്റെ പേരിൽ. അത്തരത്തിൽ സ്നേഹത്തിന്റെ വിളിപ്പുറത്ത് നടത്തിയ പല പ്രയാണങ്ങളും അവരെ സങ്കടങ്ങളിൽ കൊണ്ട് ചാടിച്ചു.

തന്റെ ജീവിതത്തിന്റെ സായാഹ്നകാലത്ത് മാധവിക്കുട്ടി എന്ന കമല, കമലാ സുരയ്യയായി. തെരഞ്ഞെടുപ്പിൽ മത്സരിച്ചു. അവർക്കുചുറ്റിനും പലരും പ്രതിബന്ധങ്ങൾ തീർത്തു. അവരെ പലരും മുതലെടുക്കാൻ തുനിഞ്ഞു. ഒടുവിൽ മരിക്കുന്നതിന് തൊട്ടുമുമ്പ് അവർ ഏകാന്തമായ ജീവിതത്തിലേക്ക് ചുരുങ്ങി, ഒതുങ്ങി.. പുണെയിലെ തന്റെ ഫ്ലാറ്റിൽ വെച്ച് പതിനൊന്ന്വർഷങ്ങൾക്കു മുമ്പ് ജീവിച്ചു മതിയായിട്ടില്ലാത്ത, സ്നേഹം കിട്ടി കൊതി തീർന്നിട്ടില്ലാത്ത അവർ നമ്മളെയൊക്കെ വിട്ടുപോയി.

സ്നേഹം, അതൊന്നു മാത്രമായിരുന്നു കമലയെ എന്നും തോൽപ്പിച്ചുകൊണ്ടിരുന്നത്. അതൊന്നു കിട്ടുമെന്നുള്ള പ്രതീക്ഷപ്പുറത്ത് മാത്രമാണ് നമ്മളിൽ പലർക്കും അവിശ്വസനീമെന്നു തോന്നുന്ന പലതും അവർ പ്രവർത്തിച്ചത്. സ്നേഹത്തെപ്പറ്റി എന്നുമെന്നും മാധവിക്കുട്ടി പറഞ്ഞത് ഒന്നുമാത്രമായിരുന്നു.

ദുഃഖവും മധുരവും കിനാവും അനഭവമായി ‘ബാല്യകാല സ്മരണ’കളിലൂടെ …..
വിങ്ങുന്ന മാതൃഹൃദയവുമായി ‘നെയ് പായസ ‘ത്തിലൂടെ ….
പെൺ നൊമ്പരത്തിന്റെ നീറ്റലായി ‘പക്ഷിയുടെ മണ’ ത്തിലൂടെ ….
ഇങ്ങനെ ഒരു സ്വപ്നാടകയെ പ്പോലെ മാധവിക്കുട്ടി സഞ്ചരിച്ചത് അതമേൽ ആർദ്രമായ വായനക്കാരന്റെ ഹൃദയഭൂമികയിലൂടെയാണ് .

പ്രമേയത്തിലും അവതരണത്തിലും നിലനിന്നുപോന്ന കീഴ് വഴക്കങ്ങളെ ലംഘിച്ചു കൊണ്ട് മലയാളിയുടെ സാംസ്കാരിക ലോകത്ത് പുതുവിപ്ലവത്തിന് തുടക്കമിട്ട മാധവിക്കുട്ടിയുടെ ഈ കഥാ സമാഹാരത്തിലെ ഓരോ കഥയിലും നിറഞ്ഞുനിൽക്കുന്നത് സ്ത്രീയുടെ വിവിധ ഭാവങ്ങളാണ്.

യാഥാർഥ്യവും ഭാവനയും ഇടകലർന്ന കഥാലോകത്തിൽ നിർവചനങ്ങളില്ലാത്ത സ്ത്രീയുടെ സ്വത്വം അവർ തുറന്നുകാട്ടി. സ്നേഹത്തിന്റെ വ്യത്യസ്ത മുഖങ്ങളും സ്ത്രീപുരുഷബന്ധത്തിന്റെ പുനർനിർവചനവുമാണ് അവർ വരച്ചുകാട്ടിയത്.

“എനിക്ക് സ്നേഹം വേണം, അത് പ്രകടമായിത്തന്നെ കിട്ടണം. ഉള്ളിൽ സ്നേഹമുണ്ട്
പ്രകടിപ്പിക്കാനറിയില്ല എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല.ശവകുടീരത്തിൽ വന്ന്
പൂവിട്ടാൽ ഞാനറിയുമോ…? ”

നിർമ്മൽ സൗപർണിക
കൾച്ചറൽ ഡെസ്ക്
വാർത്താ ട്രിവാൻഡ്രം

Latest

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി എം പ്രദീപിനെ തെരഞ്ഞെടുത്തു

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ...

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി. തൊണ്ടി മുതല്‍...

ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം പിടിയിൽ

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം...

കിളിമാനൂർ കാരറ്റ് പേടികുളത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത അയൽവാസിയെ വെട്ടിക്കൊന്നു

കിളിമാനൂർ കാരേറ്റ് പേടികുളത്ത് അയൽവാസിയെ വെട്ടിക്കൊന്നു .കാരേറ്റ് സ്വദേശി ബാബുരാജ് (64)...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!