തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ഭീഷണി നിലനിൽക്കെ ഗവർണറും സംഘവും വിനോദയാത്രയിൽ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കുടുംബവും ജീവനക്കാരും അടങ്ങുന്ന 20 അംഗ സംഘമാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിന് പൊൻമുടിയിലെത്തിയത്. യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കാൻ സർക്കാർ കർശന നിർദേശം പുറപ്പെടുവിച്ചിട്ടുള്ള സന്ദർഭത്തിൽ ഗവർണർ നടത്തുന്ന ഉല്ലാസ യാത്ര വിവാദത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് ഗവർണറും സംഘവും തിരുവനന്തപുരം ജില്ലയിൽ ഉൾപെടുന്ന പൊന്മുടിയിലേക്ക് യാത്ര തിരിച്ചത്. ഭാര്യയും രാജ് ഭവനിലെ നാലു ജീവനക്കാരും ഡോക്ടറും പൊലീസുകാരുമടക്കമുള്ള സംഘമാണ് ഗവർണർക്കൊപ്പം പൊന്മുടിയിലെത്തിയത്. സംസ്ഥാന സർക്കാറിന്റെ അറിവോടെയാണ് ഗവർണറുടെ സന്ദർശനമെന്നാണ് അധികൃതരുടെ വിശദീകരണം. കെടിഡിസി ഹോട്ടൽ, പൊന്മുടി സർക്കാർ ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് താമസസൗകര്യം ഏർപെടുത്തിയിട്ടുള്ളത്. മൂന്നാർ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഉൾപ്പടെ കൊറോണ ഭീതി പടർന്നിട്ടുള്ള സാഹചര്യത്തിലാണ് ഗവർണറുടെ യാത്ര. ഉല്ലാസയാത്രക്കായി ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ പറയുന്നു. കോവിഡ് ജാഗ്രതക്കായി ആളുകൾ കഴിയുന്നതും വീടുകളിൽ തുടരണമെന്നാണ് സര്‍ക്കാർ നിർദേശം. ഈ നിർദേശങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഗവർണർ പ്രസ്താവന നടത്തിയിരുന്നു. കൊറോണയുമായി ബന്ധപ്പെട്ട് പൊന്മുടി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടിട്ടുമുണ്ട്. എന്നാൽ, തിരക്കില്ലാത്ത സമയമായതിനാൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെ തന്നെ പൊന്മുടി സന്ദർശനം സാധ്യമാകുമെന്ന കണക്കുകൂട്ടലിലാണ് ഈ സമയം തെരഞ്ഞെടുത്തതെന്നാണ് അധികൃതരുടെ വിശദീകരണം. തിരക്കേറിയ സമയമാണെങ്കിൽ ഗവർണറുടെ യാത്രക്കുവേണ്ടി ജനങ്ങളെ മാറ്റുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കേണ്ടി വരും. ആദ്യമായാണ് ആരിഫ് ഖാൻ പൊന്മുടി സന്ദർശിക്കാനെത്തുന്നത്.