നേപ്പാളിൽ മരണമടഞ്ഞ മലയാളികളായ എട്ട് വിനോദസഞ്ചാരികളുടെ മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിൽ എത്തിക്കുന്നതിന് നേപ്പാൾ പോലീസ് അടിയന്തര നടപടി സ്വീകരിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ നേപ്പാൾ പോലീസ് മേധാവിയുമായി ഫോണിൽ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിർദ്ദേശപ്രകാരമാണ് സംസ്ഥാന പോലീസ് മേധാവി നേപ്പാൾ പോലീസുമായി ബന്ധപ്പെട്ടത്.
പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനാണ് നേപ്പാൾ പോലീസിന്റെ സഹായം തേടിയത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ അവർ ശ്രമിച്ചുവരികയാണെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു