വർക്കല വെറ്റക്കടയിൽ കടലിലിറങ്ങി തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥിനി മരണപ്പെട്ടു . ആയിരൂർ എംജിഎം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയും ഇടവ വെൺകുളം സ്വദേശിനിയുമായ ശ്രേയയാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12 30 ഓടുകൂടിയാണ് സംഭവം. ഇടവ വെറ്റക്കട കടൽത്തീരത്ത് നിന്ന് കടലിലേക്ക് ഇറങ്ങിയ പെൺകുട്ടി ശക്തമായ കടൽക്ഷോഭത്തിൽ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു. ഉടൻ തന്നെ മത്സ്യത്തൊഴിലാളികളും പരിസരവാസികളും തീരത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ കുറച്ച് കഴിഞ്ഞ് കാപ്പിൽ തീരത്തെ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മൊബൈൽ ഉപയോഗവുമായി ബന്ധപ്പെട്ട വീട്ടുകാർ പെൺകുട്ടിയെ ശകാരിച്ചിരുന്നു എന്ന് വിവരവും ലഭിക്കുന്നുണ്ട്. പെൺകുട്ടിക്കൊപ്പം ഒരു ആൺ സുഹൃത്തും കടലിലേക്ക് ഇറങ്ങിയതായി പരിസരവാസികൾ പറയുന്നു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ തുടരുന്നു.