തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ ക്ഷീരകർഷകൻ പ്രജീഷിനെ കൊന്ന നരഭോജി കടുവയെ കണ്ടെത്താനായി വനം വകുപ്പ് 80 പേരടങ്ങിയ സ്പെഷ്യൽ ടീമിനെ നിയോഗിച്ചു. ഡോക്ടര്‍, ഷൂട്ടേഴ്‌സ്, പട്രോളിങ് ടീം എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ടീം. ലൈവ് ട്രാപ്പ് ക്യാമറ ഉള്‍പ്പടെ 25 ക്യാമറകൾ, കൂടുകള്‍, തോക്ക് എന്നിവയും ടീമിന്റെ ആവശ്യത്തിനായി അനുവദിച്ചതായി വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. വനം വകുപ്പ് പ്രദേശത്ത് സദാ ജാഗരൂകരായി പ്രവര്‍ത്തിക്കുകയാണെന്നും പ്രദേശവാസികള്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കടുവക്കായി തിരച്ചിൽ ഊർജിതമായി തുടരുകയാണ്. വനമേഖലയോടു ചേർന്ന മാരമല കോളനി ഭാഗത്ത് ചൊവ്വാഴ്ച രാവിലെ വീട്ടമ്മ കടുവയെ കണ്ടതായി അറിയിച്ചതോടെ സംഘങ്ങളായി വനമേഖലയിലടക്കം മണിക്കൂറുകളോളം തിരച്ചിൽ നടത്തി. എന്നാൽ, കടുവയെ കണ്ടെത്താനായില്ല. മൂന്നു കിലോമീറ്റർ ദൂരത്തിലുള്ള വന പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും റാപിഡ് റെസ്പോൺസ് ടീമിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്.
പൂതാടി പഞ്ചായത്തിലെ 11ാം വാർഡ് മൂടക്കൊല്ലിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവക്കായി തിരച്ചിൽ തുടങ്ങിയ സാഹചര്യത്തിലാണ് നിരോധനാജ്ഞ. പ്രദേശവാസികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാൻ നിർദേശം നൽകി. വയനാട് സൗത്ത് ഡി.എഫ്.ഒ ഷജ്ന കരീം, ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. ജിനേഷ് മോഹൻദാസ് തുടങ്ങിയവരാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഡ്രോൺ കാമറ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്.