കൊല്ലം തെന്മലയിൽ വനത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന 100 ലിറ്റർ കോട വനപാലകർ കണ്ടെത്തി നശിപ്പിച്ചു. തെന്മല 13 കണ്ണറ പാലത്തിനു സമീപം കഴുതുരുട്ടി ആറു കടന്ന് വനത്തിനുള്ളിൽ പറയിടുക്കിൽ ആണ് കോട സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തെന്മല ഫോറെസ്റ് റേഞ്ചിലെ വനപാലകർ വനത്തിൽ പട്രോളിംഗ് നടത്തവേയാണ് കോട കണ്ടെത്തിയത്. അഞ്ചൽ എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ തെന്മലയിൽ എത്തി സാമ്പിൾ ശേഖരിച്ച ശേഷം കോട നശിപ്പിച്ചു. സംഭവത്തിൽ പ്രതികളെ ഒന്നും ലഭിച്ചിട്ടില്ല എന്നും വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും തെന്മല റേഞ്ച് ഓഫീസർ അറിയിച്ചു.