കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കവെ കൗണ്ടിങ് സെന്‍ററിന് പുറത്ത് ആവേശാരവങ്ങളുമായി യു.ഡി.എഫ് പ്രവർത്തകർ. വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ കൊടികളും ബാനറുകളുമായി മുദ്രാവാക്യങ്ങളോടെ പ്രവർത്തകർ ഒരുമിച്ച് കൂടിയിടരുന്നു. ലീഡ് നില ഉയർന്ന് തുടങ്ങിയതോടെ ആഹ്ലാദ പ്രകടനങ്ങൾ തുടങ്ങി.
കോൺഗ്രസ്, മുസ്‌ലിം ലീഗ് പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ ചിത്രങ്ങളുമായാണ് എത്തിയത്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ തന്നെ ജയിക്കുമെന്നാണ് പ്രവർത്തകർ പറയുന്നത്. കോട്ടയം ബസേലിയസ് കോളജിലെ കേന്ദ്രത്തിലാണ് വോട്ടെണ്ണൽ.
ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 72.86 ശതമാനമാണ് പോളിങ്. ഏഴു സ്ഥാനാർഥികളാണ് മത്സരിച്ചത്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യു.ഡി.എഫ് സ്ഥാനാർഥി. ജെയ്ക് സി. തോമസാണ് ഇടതു സ്ഥാനാർഥി. എൻ.ഡി.എ സ്ഥാനാർഥി ലിജിൻ ലാൽ ആണ്.
ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി മകൻ ചാണ്ടി ഉമ്മനോ അതോ രണ്ട് തവണ അദ്ദേഹത്തോട് പരാജയപ്പെട്ട ജെയ്ക് സി. തോമസോ വരുമോയെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. നിലവിൽ ഏക പക്ഷീയ മുന്നേറ്റം ആണ് ചാണ്ടി ഉമ്മൻ നടത്തുന്നത്