അടിമുടി മാറ്റങ്ങളാണ് ഇലോൺ മസ്ക് ട്വിറ്ററിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ട്വിറ്ററിന്റെ ലോഗോ മാറ്റിയിരിക്കുകയാണ് മസ്‌ക്. നീല നിറത്തിലുളള പക്ഷിയുടെ ലോഗോ മാറ്റി ഡോഗ്‌കോയിൻ ക്രിപ്റ്റോ കറൻസിയുടെ മീം ആയ നായയാണ് പുതിയ ലോഗോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ട്വിറ്റർ ഫീഡ് ഹോംസ്‌ക്രീനിന്റെ മുകളിൽ ഇടത് വശത്തായി നായ ദൃശ്യമാകുന്നു.
എന്തിനാണ് ലോഗോ മാറ്റിയതെന്ന് ഉപയോക്താക്കൾ ചോദിക്കാൻ തുടങ്ങിയതോടെ, അതിനെ തമാശരൂപേണ അവതരിപ്പിച്ചുകൊണ്ട് മസ്‌ക് രണ്ട് ട്വീറ്റുകൾ പോസ്റ്റ് ചെയ്തു. ഒരു നായ കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുകയും ട്രാഫിക് പൊലീസിനെ തന്റെ ലൈസന്‍സ് കാണിക്കുകയും ചെയ്യുന്നു. അതിൽ പഴയ ലോഗോയും കാണാം. തുടർന്ന് ട്രാഫിക് പൊലീസിനോട് ഇതൊരു പഴയ ഫോട്ടോയാണെന്ന് നായ പറയുന്നതായ ഒരു ചിത്രവും മസ്ക് ട്വീറ്റ് ചെയ്തു.
മറ്റൊരു ട്വീറ്റിൽ, ഒരു ഉപയോക്താവുമായുള്ള പഴയ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടും മസ്‌ക് പങ്കുവച്ചിട്ടുണ്ട്. മസ്‌ക് ട്വിറ്റർ വാങ്ങണമെന്നും പക്ഷിയുടെ ലോഗോക്ക് പകരം നായ എന്നെഴുതണമെന്നും ഉപയോക്താവ് നിർദ്ദേശിച്ചിരുന്നു. വാഗ്ദാനപ്രകാരം അത് ചെയ്തുവെന്ന് കാണിച്ചുകൊണ്ടാണ് സ്ക്രീൻഷോട്ട് മസ്‌ക് പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് ഇലോണ്‍ മസ്‌ക് മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ വാങ്ങിയത്. എന്തായാലും ഇനിയെന്തൊക്കെ മാറ്റങ്ങൾ മസ്‌ക് കൊണ്ടുവരും എന്നുള്ള ആകാംക്ഷയിലാണ് ലോകം.