തിരുവനന്തപുരം: രാത്രിയിൽ തോരാതെ പെയ്ത കനത്ത മഴയിൽ തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട്. നിരവധി വീടുകളിൽ വെള്ളം കയറി. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം രൂക്ഷമായ വെള്ളക്കെട്ടുണ്ട്. ഇന്ന് രാവിലെയും തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. നെയ്യാറ്റിന്‍കര, പൊന്മുടി, വര്‍ക്കല എന്നിവിടങ്ങളിലും കനത്ത മഴയാണ്. മലയോരമേഖലയില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
പോത്തന്‍കോട് വീടിന്റെ മതിലിടിഞ്ഞ് വീണ് യുവാവിന് പരിക്കേറ്റു. കാലിന് പരിക്കേറ്റ കല്ലുവിള സ്വദേശി അരുണിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമ്മൂട് പുല്ലമ്പാറയില്‍ മണ്ണിടിഞ്ഞു വീണ് വീടു തകര്‍ന്നു. ടെക്‌നോപാര്‍ക്ക് ഫെയ്‌സ് 3 ക്കു സമീപം തെറ്റിയാര്‍ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി. ഇതേത്തുടര്‍ന്ന് മൂന്നു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
ശ്രീകാര്യത്ത് കനത്ത മഴയില്‍ സംരക്ഷണഭിത്തി തകര്‍ന്നു വീടിനു മുകളില്‍ പതിച്ചു. ഗുലാത്തി ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ പിന്‍ഭാഗത്തെ മതിലാണ് സമീപത്തെ നാല് വീടുകളുടെ മുകളിലേക്ക് ഇടിഞ്ഞുവീണത്. അപകടത്തിൽ ആര്‍ക്കും പരിക്കില്ല.