കേരളത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചരകേന്ദ്രമായ വാഗമണ്ണിലെ അതിപ്രധാനമായ സ്ഥലമാണ് വീര വേലായുധപ്പെരുമാൾ ക്ഷേത്രം നിൽക്കുന്ന മുരുകൻമല. ചരിത്രവും വിശ്വാസവും സമ്മേളിച്ചു പ്രകൃതിയൊരുക്കിയ അപൂർവ കാഴ്ചയാണ് മുരുകൻമല. മഞ്ഞുമൂടിയ മൊട്ടക്കുന്നുകളും പുൽത്തകിടികളും പൈൻ മരക്കാടുകളും തണുത്ത കാലാവസ്ഥയും കൊണ്ട് പ്രസിദ്ധമായ വാഗമണ്ണിലെ പ്രധാന മലനിരകളിലൊന്നാണ് ഇവിടം. കോട്ടയം - ഇടുക്കി അതിർത്തിയിലാണ് മുരുകൻമല. വാഗമൺ വഴിക്കടവ് റോഡിൽ നിന്ന് വലത്തോട്ട് സഞ്ചരിച്ചാൽ മുരുകൻമലയിലെത്താം.ചെറിയ കയറ്റം കയറി താഴ് വരയിലെത്തിയാൽ ചെറിയ പാറക്കെട്ടുകളും പൂൽമേടും നിറഞ്ഞ മുരുകൻമല മാനംമുട്ടെ നിൽക്കുന്നത് കാണാം. മുരുകൻമല, കുരിശ് മല, തങ്ങൾപാറ മല എന്നീ മൂന്ന് മലകളാൽ ചുറ്റപ്പെട്ട് നിൽക്കുന്ന വാഗമൺ മത സൗഹാർദ്ദം നിലനിറുത്തുന്ന പ്രദേശവുമാണ്.
പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ വാഗമൺ സമുദ്രനിരപ്പിൽ നിന്ന് 1100 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വാഗമണ്ണിനെ കോട്ട കെട്ടി സംരക്ഷിക്കുന്നതു പോലെ ഒരു വശത്ത് മുരുകൻ മലയും മറുവശത്ത് കുരിശ് മലയും നിൽക്കുന്നത് കാണാം. അടിവാരത്ത് നിന്ന് പച്ച പുല്ല് നിറഞ്ഞ കുത്തനെ കിടക്കുന്ന മല കയറി ചെന്നാൽ മുരുകൻമലയിലെ വീരവേലായുധ പെരുമാൾ ക്ഷേത്രം കാണാം. അവിടെ നിന്ന് ചെറു പാതയിലൂടെ ഒരു കിലോമീറ്ററോളം സഞ്ചരിച്ചാൽ മുരുകൻമലയുടെ മുകളിലെത്താം. 25 ഏക്കറോളം തട്ട് തട്ടായി കിടക്കുന്ന മലയുടെ മുകളിൽ വീര വേലായുധപ്പെരുമാൾ കുടികൊള്ളുന്ന ക്ഷേത്രം മനോഹരമായ സെറ്റിട്ട പോലത്തെ കാഴ്ചാനുഭവം നൽകുന്നു.
മുരുകൻമല ക്ഷേത്രത്തിന് പുറകിൽ പാറക്കൂട്ടങ്ങൾക്കിടയിൽ ഗുഹാ ക്ഷേത്രവും ഉണ്ട്. മുരുകൻമലയുടെ താഴ് വാരത്ത് കൂടി രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാൽ തങ്ങൾ പാറ കാണാൻ പറ്റും.അടുത്ത തന്നെയാണ് കുരിശ് മല. സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന പൈൻ മരക്കാടുകളും തേയിലത്തോട്ടങ്ങളുമെല്ലാം മുരുകൻമലയ്ക്ക് ചുറ്റും ദ്യശ്യ വിരുന്നൊരുക്കിയിട്ടുണ്ട്. പ്രകൃതി ഭംഗി കൊണ്ടും കാലാവസ്ഥ കൊണ്ടും സിനിമാക്കാരുടെ ഇഷ്ട സ്ഥലമായ വാഗമണ്ണിലെ ആകർഷണ കേന്ദ്രമായി മുരുകൻമലയും മാറുകയാണ്.