കോവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധിയിൽ തളരാതെ ടൂറിസം മേഖലയെ പുതിയ ഉയരങ്ങളിലേയ്ക്ക് നയിക്കുകയാണ് കേരള സർക്കാർ. വേളിയെ അന്താരാഷ്ട്ര നിലവാരമുള്ള ടൂറിസം കേന്ദ്രമാക്കുന്നതിനായി രൂപപ്പെടുത്തപ്പെട്ട പൊതു പദ്ധതിയുടെ ഭാഗമായി മിനിയേച്ചര്‍ റെയില്‍വെ, സ്വിമ്മിങ് പൂള്‍, വേളി അര്‍ബന്‍ പാര്‍ക്ക് എന്നീ പുതിയ സംരംഭങ്ങൾക്ക് നാളെ തുടക്കം കുറിച്ചു.
കേരളത്തിലാദ്യമായാണ് ഒരു ടൂറിസം കേന്ദ്രത്തില്‍ പ്രകൃതിഭംഗി ട്രെയിന്‍ യാത്രയിലൂടെ ആസ്വദിക്കാനുള്ള സംരംഭം ഒരുങ്ങുന്നത്. ഇന്ത്യയില്‍ തന്നെ രണ്ടുമൂന്നു സ്ഥലങ്ങളിലേ ഇതുള്ളു. സൗരോര്‍ജം ഉപയോഗിച്ചുകൊണ്ടാണ് ഈ ട്രെയിന്‍ ഓടുന്നത്. ഇതാകട്ടെ, രാജ്യത്തുതന്നെ ആദ്യമാണ്. പത്തുകോടിയോളം രൂപ ചെലവിട്ടാണ് ഈ സംവിധാനം ഒരുക്കുന്നത്.
ആധുനിക രീതിയില്‍ സജ്ജീകരിച്ചിട്ടുള്ള സ്വിമ്മിങ് പൂള്‍ രണ്ടരക്കോടി രൂപ ചെലവിട്ടു നിര്‍മിച്ചതാണ്. വേളി അര്‍ബന്‍ പാര്‍ക്കാകട്ടെ, പഴയ പാര്‍ക്കിനെ പുതുമയുള്ള പാര്‍ക്കുകൊണ്ട് പകരംവെക്കുന്നതാണ്. ലാന്‍റ് സ്കേപ്പിങ്, ഫുഡ് കോര്‍ട്ട് എന്നിവയുമുണ്ട്. അഞ്ചുകോടി രൂപയാണ് ചെലവ്.
അറുപതുകോടിയോളം രൂപ ചെലവുചെയ്യുന്ന ബൃഹദ് പദ്ധതിയുടെ ഭാഗമാണിതെല്ലാം. ഇതിനുപുറമെ, ടൂറിസ്റ്റ് ഫെസിലിറ്റി സെന്‍റര്‍, കണ്‍വന്‍ഷന്‍ സെന്‍റര്‍ എന്നിവ സജ്ജമായിക്കൊണ്ടിരിക്കുന്നു. വേളി ആര്‍ട്ട് കഫെ, അര്‍ബന്‍ വെറ്റ്ലാന്‍റ് നേച്ചര്‍ പാര്‍ക്ക് തുടങ്ങിയവ കൂടിയാവുമ്പോള്‍ വേളിയുടെ മുഖച്ഛായ തന്നെ മാറും. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന മിനിയേച്ചര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടാവുന്ന അധിക വൈദ്യുതി കെഎസ്ഇബിക്കു നല്‍കും.