ഇന്ന് മഹാശിവരാത്രി.. ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി വ്രതം. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വർഷത്തിലൊരിക്കൽ മാത്രമാണ് വരാറ്.
സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് വിശ്വാസം. അതുകൊണ്ടാണ് മറ്റ് വ്രതങ്ങളൊന്നും അനുഷ്ഠിക്കാത്തവര്‍ ശിവരാത്രിവ്രതം മാത്രം അനുഷ്ഠിച്ചാല്‍ സകലവ്രതങ്ങളുമനുഷ്ഠിച്ച ഫലമുണ്ടാകുമെന്ന് പറയുന്നത്.
ഭക്തിയോടുകൂടിയുള്ള വ്രതാനുഷ്ഠാനം അവനവന് മാത്രമല്ല ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സുണ്ടാവാൻ ഉത്തമമാണ്. കുംഭമാസത്തിലെ കൃഷ്ണചതുർദ്ദശി തിഥിയിലാണ് ഈ വ്രതാനുഷ്ഠാനം. ഈ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്.
വ്രത ശുദ്ധിയോടെ ശിവ പൂജകളുമായി ഉപവാസമിരിക്കുന്നതും ഉറക്കമിളയ്ക്കുന്നതും ശിവരാത്രിയുടെ പ്രധാന ആചാരങ്ങളാണ്. ശിവരാത്രിയിലെ ‘രാത്രി’ സൂചിപ്പിക്കുന്നത് ‘അജ്ഞാന അന്ധകാര’ത്തെയാണ്. മനുഷ്യ മനസ്സുകളിലെ അജ്ഞാനത്തിന്റെ അന്ധകാരം നിറയുന്ന സമയത്തെയാണ്. ഈ അജ്ഞാനമാകുന്ന നിദ്രയില്‍നിന്നും ഉണരുന്നവരാണ് സ്വയം ആത്മാവാണെന്ന സത്യത്തിലേക്ക് ബുദ്ധിയെ ഉണര്‍ത്തുന്നവര്‍. ആരാണ് ഉണര്‍ന്നിരിക്കുന്നത് അവരുടെ പാപം നശിക്കുന്നു എന്നതാണ് ശിവരാത്രി വ്രതത്തിന്‍റെ പ്രാധാന്യമായി പറയപ്പെടുന്നത്.
ശിവരാത്രിയ്ക്ക് പിന്നില്‍ ഒരുപാട് കഥകള്‍ ഉണ്ട്. അതില്‍ പ്രധാനം പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തുവെന്നതാണ്. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീ ദേവി അദ്ദേഹത്തിന്‍റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും എന്നാല്‍ വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു.അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും അങ്ങനെ ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാർവ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് നമ്മള്‍ ശിവരാത്രിയായി ആചരിക്കുന്നത്.
തലേന്ന് ഒരിക്കലോടെയാണ് വിശ്വാസികള്‍ വ്രതം ആരംഭിക്കുന്നത്. തലേന്ന് വൈകുന്നേരം അരിയാഹാരം പാടില്ല. ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി “ഓം നമശിവായ” ജപിച്ചു ഭസ്മധാരണം നടത്തിയ ശേഷം ശിവക്ഷേത്ര ദർശനം നടത്തണം. ശിവരാത്രി ദിനത്തിൽ പൂർണ ഉപവാസമാണ് അനുഷ്ഠിക്കേണ്ടത്. അതിനു സാധിക്കാത്തവർ ക്ഷേത്രത്തിൽ നിന്നുളള നേദ്യമോ കരിക്കിൻ വെളളമോ പഴമോ കഴിക്കാവുന്നതാണ്. അന്നേദിവസം ശിവപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. അതിൽ ഏറ്റവും പ്രധാനമാണ് ദാനം അതും അന്നദാനമാണെങ്കിൽ അത്യുത്തമം.
ഭഗവാന്‍റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും ഭക്തിപൂർവ്വം പരിപാലിക്കുന്നതും ശിവപ്രീതികരമാണ്. രാത്രി പൂർണമായി ഉറക്കമിളച്ചു വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാൻ. പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീർഥം സേവിച്ച് പാരണ വിടാം. ശിവരാത്രി ദിനത്തിൽ കഴിയുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രജപം ജപിക്കുന്നത് സകല പാപങ്ങളും കഴുകിക്കളഞ്ഞു മനസ് ശുദ്ധമാക്കും. ശിവ പഞ്ചാക്ഷരസ്തോത്രം, ബില്വാഷ്‌ടകം, ശിവാഷ്ടകം, ശിവസഹസ്രനാമം, ശിവപുരാണപാരായണം, ഉമാമഹേശ്വരസ്‌തോത്രം, പഞ്ചാക്ഷരീ മന്ത്രം എന്നിവ ഭക്തിപൂർവം ചൊല്ലുക. സര്‍വപാപഹരവും, സര്‍വാഭീഷ്ടപ്രദവും, സര്‍വൈശ്വര്യകരവുമാണ് ശിവരാത്രി വ്രതം. ശിവാരാധനയ്ക്ക് ഏറ്റവും ഉചിതമായ ദിവസവും ഇത് തന്നെയാണ്.ഏവർക്കും വാർത്താട്രിവാൻഡ്രത്തിന്റെ മഹാ ശിവരാത്രി ദിനാശംസകൾ.
യുദ്ധം; കാരണവും അനന്തരഫലവും
https://www.facebook.com/varthatrivandrumonline/videos/1141350856613373