പൊന്നരിവാളമ്പിളിയില് കണ്ണെറിഞ്ഞ ഒരു കവി… അമ്പിളി അമ്മാവനോട് താമര കുമ്പിളിലെന്തൊണ്ടെന്ന് കുശലാന്വേഷണം നടത്തിയ ഒരു മനുഷ്യൻ… ചെപ്പു കിലുക്കണ ചങ്ങാതി യെയും വള്ളികുടിലിൽ ഉള്ളിലിരുന്ന പുള്ളിക്കുയിലിനെയും മലയാളിയുടെ ചുണ്ടിൽ വരികളായി എത്തിച്ച കവി… മൂന്നക്ഷരത്തിൽ മലയാളത്തിലെ കാവ്യ സമ്പത്തിനെ പടർത്തിയ അതുല്യൻ ഒ.എൻ.വി.
കവിതയും പാട്ടും തമ്മിലുള്ള അകലം ഇല്ലാതാക്കിയ ആ എഴുത്തുകാരൻ വിടവാങ്ങിയിട്ട് ഇന്നേക്ക് 6 വർഷം തികയുന്നു. ഒ. എൻ. വി നടന്നുകയറിയ കവിതകളുടെ കല്പടികളും ആവിഷ്കരണത്തിന്റെ സിംഹാസനവും ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുകയാണ്.
നാം ഇന്ന് നേരിടുന്ന പല പുതിയ പ്രതിസന്ധികൾക്കും മധുരമൂറുന്ന കവിതകളിലൂടെ ഉപദേശവും സാന്ത്വനവും നൽകാൻ ഒഎൻവി ഇല്ല എന്ന വിഷമമാണ് പലർക്കുമുള്ളത്. പക്ഷേ ആ വിഷമതകൾ മറന്നൊഴിയാൻ ഒഎൻവി ചില അവശേഷിപ്പുകൾ നൽകി തന്നെയാണ് മടങ്ങിയത്.
“ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം” എന്ന വരികളിൽ അദ്ദേഹം ഒളിപ്പിച്ചുവെച്ച ആ രഹസ്യം, അതാണ് മലയാളികൾ ഒഎൻവി എന്ന മൂന്നക്ഷരത്തെ ഹൃദയത്തിലേറ്റാൻ കാരണം. ഒരു വരി മാത്രമല്ല അനന്തമായ അഗാധമായ എത്രയെത്രയോ വരികൾ ആ തൂലികത്തുമ്പിൽ നിന്ന് ഉതിർന്നുവീണ് ജീവൻ കൊണ്ടു.
“ആരെയും ഭാവ ഗായകനാക്കുന്ന” ഒഎൻവി മാജിക് എത്ര വർണ്ണിച്ചാൽ ആണ് മതിയാവുക. കവിതകളിലൂടെ സാഗരത്തെ പോലും പാടി ഉണർത്തിയ മലയാളി വേറെയില്ല എന്നു തന്നെ പറയാം. വാക്കിൽ വിരിഞ്ഞ വസന്തമായ ഒഎൻവിയെ ഒറ്റ വാക്കിലോ വരിയിലോ വിശേഷിപ്പിക്കുക പ്രയാസമാണ്. കാലത്തിനനുസരിച്ച് കവിതയെയും മാറ്റിയ കവി. മനോഹര ഗാനങ്ങളിലൂടെ ഭാവതീവ്രമായ അനുഭവം മലയാളിയുടെ മനസ്സിൽ കോറിയിട്ട കാവ്യസൂര്യൻ… അനന്തമായി നീളുന്ന അനേകം വിശേഷണങ്ങളുണ്ട് ഒ എൻ വി ക്ക് ചാർത്തിക്കൊടുക്കാൻ.
1946ൽ പതിനഞ്ചാം വയസ്സിൽ തൂലിക ചലിപ്പിച്ചു തുടങ്ങിയതാണ് ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്ന ഒഎൻവി കുറുപ്പ്. ‘മുന്നോട്ട്’ എന്ന് അന്ന് ആ കവിതയ്ക്ക് പേര് നൽകിയത് വെറുതെയല്ല. കാവ്യസപര്യയിൽ അദ്ദേഹം കാലാനുവർത്തിയായി ‘മുന്നോട്ട്’സഞ്ചരിക്കുകയായിരുന്നു. ഒപ്പം നമ്മളും…
നിരന്തരം കവിതകൾ മലയാളിക്ക് സമ്മാനിച്ച ഒഎൻവി സ്വയം ഒരു കവിതയായി മാറി എന്ന് പറയുന്നതാകും കൂടുതൽ ശരി. “കവിതയെഴുത്തിൽ ദീർഘമായ ഒരു നിശ്ശബ്ദത ഒരിക്കലും ഒഎൻവിക്ക് ഉണ്ടാകില്ലെന്ന്” എം. ടി.വാസുദേവൻനായർ പറയാൻ കാരണവും ഇതുതന്നെയാണ്.
ഒഎൻവി കവിയായി മാറുന്ന കാലം ‘കാല്പനികത’ അരങ്ങുവാഴുന്ന കാലം ആയിരുന്നു. വകാല്പനികധാരയിലൂടെ വഴിമാറി സഞ്ചരിച്ച ഒ എൻ വിയും വയലാറും അങ്ങനെ ‘മാറ്റൊലികവികളായി’. കവിതകളിൽ വിപ്ലവവും സമരവും സ്വാതന്ത്ര്യവും ജീവനും സമന്വയിപ്പിച്ച് ഒഎൻവി കവിതകളുടെ പുതിയൊരു ലോകം തീർത്തു. വിഷാദവും പ്രകൃതിയും ഓർമ്മയും പ്രണയവും ആ തൂലികയിൽ നിന്ന് പിറവികൊണ്ടു.
“മണിനാദം പോൽ മധുരം നമ്മുടെ മലനാട്ടിൻ മൊഴി മലയാളം” എന്ന് പാടിയ കവി മലയാളത്തെയും കവിതയെയും അത്രകണ്ട് സ്നേഹിച്ചിരുന്നു എന്ന് വ്യക്തം.
“ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി! ഇത് നിന്റെ (എന്റെയും)ചരമ ശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം” എന്ന് പാടിയ കവി ഭൂമിയുടെ യൗവ്വന കാലഘട്ടത്തിൽതന്നെ ഭൂമിക്ക് ചരമഗീതം ഒരുക്കുകയായിരുന്നു എന്ന് വിമർശനം ഉന്നയിച്ചവർ ഇന്ന് തിരിച്ചറിയുന്നുണ്ടാകും കവിയായിരുന്നു ശരിയെന്ന്…
“ഒരു തൈ നടുമ്പോൾ പല തൈനടന്നു,പല തൈ നടന്നു, പല തണൽ തേടുന്നു ” എന്ന് ലളിതമായി പറഞ്ഞ കവി ഏറെ കാര്യഗൗരവമുള്ള വസ്തുത മലയാളിയെ ഓർമ്മിപ്പിക്കുക കൂടിയാണ് ചെയ്തത്.
ജ്ഞാനപീഠത്തിനും പത്മഭൂഷണും പത്മശ്രീക്കും ഒപ്പം ജനഹൃദയവും ഒഎൻവി എന്ന ത്രയാക്ഷരം കവർന്നെടുത്തു. മനുഷ്യമനസ്സ് കൈക്കലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ? കേവലം വരികളിൽ മാത്രം ഒതുക്കാൻ കഴിയുന്നതല്ല ആ സർഗ്ഗ വൈഭവം.
“ഒരു ദിവസം ഭൂമി എന്ന ഈ വാടക വീട് ഒഴിഞ്ഞു പോകുമ്പോൾ എന്റെ ഏറ്റവും ചൈതന്യവത്തായ ഒരു അംശം ഞാൻ ഇവിടെ ഉപേക്ഷിച്ചു പോകും. അതാണ് എന്റെ കവിത” എന്ന് ജ്ഞാനപീഠ പുരസ്കാരം ഏറ്റുവാങ്ങി അദ്ദേഹം പറഞ്ഞ വരികൾ എത്ര ശരിയാണ്. മായാപ്രപഞ്ചത്തിലേക്ക് ചേക്കേറി എങ്കിലും ആ മൂന്ന് അക്ഷരവും ആ കവിതകളും ഇന്നും അനശ്വരമായി തന്നെ നിലനിൽക്കുന്നു.
” നിന്റെ വാക്കുകളില്ക്കൂടി
നീയുയിര്ത്തെഴുന്നേല്ക്കുക!
മൃത്യുവെന്നു നീയെന്നും
മര്ത്ത്യദുഃഖങ്ങളാറ്റുക! (മരണത്തിനുമപ്പുറം -ഒഎൻവി കുറുപ്പ്)
-കുഞ്ചു മുരളി-
ദ്രോണർക്കായി ‘ആന’ സംസാരിക്കുമ്പോൾ
https://www.facebook.com/varthatrivandrumonline/videos/462028265576672