നാടെങ്ങും ഗുണ്ടകളുടെ തേര്‍വാഴ്ച. നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനായി പോലീസിന്റെ പൊടിക്കൈകള്‍. ആഭ്യന്തരവകുപ്പിനെതിരെ നാടാകെ രോഷം പുകയുകയാണ്. ഗുണ്ടകള്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചാല്‍ പോലും കൈയും കെട്ടി നോക്കി നില്‍ക്കേണ്ട അവസ്ഥയിലാണ് കേരള പോലീസ്. ഗുണ്ടകളെ പിടികൂടാനായി രൂപീകരിച്ച ഓപ്പറേഷന്‍ കാവല്‍ പദ്ധതിയുടെ കാവലിന് ആളുവേണമെന്ന ദയനീയാവസ്ഥയാണ് ഇപ്പോള്‍.കഴിഞ്ഞ ദിവസം കല്ലമ്പലത്ത് പോലീസുകാരെ ആക്രമിച്ച പ്രതിയെ പിടികൂടിയെങ്കിലും പോലീസിനെ വരെ കുത്തി വീഴ്ത്തുന്ന പ്രതിയെ നാട്ടുകാർ ഭയത്തോടെ തന്നെ നോക്കിക്കാണും. അറിയപ്പെടുന്ന ഒരു ഗുണ്ടയാവാൻ ഒരുവൻ തിരുവനന്തപുരത്തെ ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊന്നത് നാം കണ്ടതാണ്.
എറണാകുളത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ പോലീസുകാരെ ആക്രമിക്കുകയും വാഹനത്തിനു തീയിടുകയും ചെയ്തത് പോലീസിന്റെ ദൗര്‍ബല്യമാണെന്ന് പൊതുജനങ്ങള്‍ ഒന്നാകെ മുദ്രകുത്തി. ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവനെ പിടിച്ചും മാസ്‌ക് വയ്ക്കാത്തവരെക്കൊണ്ട് പിഴയടപ്പിച്ചും കേരള പോലീസ് സര്‍ക്കാര്‍ ഖജനാവിലേക്ക് പണം സ്വരുക്കൂട്ടുന്നതിന്റെ തിരക്കിലാണ്. അതിനാല്‍ ക്രമസമാധാനപാലനത്തിന് അവര്‍ക്ക് സമയം കിട്ടുന്നില്ലെന്ന വിമര്‍ശനവും വ്യാപകമാണ്.
പോലീസുകാരെ ആക്രമിച്ച് ജീപ്പ് കത്തിച്ചതിന് പിന്നാലെ കോട്ടയത്ത് ചെറുപ്പക്കാരനെ അടിച്ചുകൊന്ന് പോലീസ് സ്‌റ്റേഷന് മുന്നില്‍ കൊണ്ടുപോയിട്ടു. കാണാനില്ലെന്നു പരാതി കിട്ടിയ ചെറുപ്പക്കാരനെയാണ് ഏതാനും മണിക്കൂറിനകം ഗുണ്ട കൊലപ്പെടുത്തി മൃതദേഹം സ്റ്റേഷനിലെത്തിച്ചത്. അതും കാപ്പ നിയമത്തില്‍ ഇളവ് കിട്ടിയെങ്കിലും നിരീക്ഷണത്തിലുണ്ടാകേണ്ട കുപ്രസിദ്ധ ഗുണ്ട. ഇതുതന്നെ പോലീസിന്റെ പിടിപ്പുകേട് വെളിച്ചത്ത് കൊണ്ടുവരുന്നതാണ്.
കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികളെ പിടികൂടാനും അവര്‍ക്ക് ശിക്ഷ വാങ്ങി നല്‍കാനും കേരള പോലീസിനെക്കൊണ്ട് സാധിക്കുന്നില്ല. ഗുണ്ടകള്‍ നാടും നഗരവും അടക്കി വാഴുമ്പോള്‍ ഇനി പോലീസ് എന്തിനെന്ന ചോദ്യം ജനങ്ങളില്‍ നിന്ന് ഉയരാന്‍ തുടങ്ങിയിരിക്കുകയാണ്. ഓരോ ദിവസവും പത്തും ഇരുപതും ഗുണ്ടകളെ പോലീസ് അകത്താക്കുന്നുണ്ടെങ്കിലും ഈ ക്രിമിനല്‍ സംഘങ്ങളെ നിയന്ത്രിക്കുന്ന ബുദ്ധികേന്ദ്രങ്ങളെ തൊടാന്‍ പോലീസിനു പേടിയാണ്. കമ്മിഷണര്‍മാരുടെയും ജില്ല പോലീസ് മേധാവിമാരുടെയും നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഷാഡോ പോലീസ് സംഘം ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെന്നുതന്നെ പറയാം.
കോട്ടയത്തെ യുവാവിനെ കൊന്ന് പോലീസ് സ്റ്റേഷനിൽ കൊണ്ട് ഇട്ടത് മനുഷ്യ മനസാക്ഷിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.കൗമാരക്കാരാണ് കോട്ടയത്തെ പ്രധാന ഗുണ്ടകൾ. മിക്കവർക്കും പ്രായം 18നും 22നും മധ്യേ. ജീവിതം എന്തെന്ന് അറിയുന്നതിനു മുമ്പേ ലഹരിയുടെ പിടിയിൽ അകപ്പെട്ട ഗ്യാങ് ഫൈറ്റിലേക്ക് ഇറങ്ങിത്തിരിക്കുന്ന ഇവരെ വട്ടമിട്ട് ലഹരിമാഫിയ പറക്കുന്നുണ്ട്. കഞ്ചാവിനൊപ്പം ബൈക്കും പണവുമെല്ലാം ചെറുപ്രായത്തിലേ കൈയിൽ കിട്ടുന്നതോടെ ചെറുപ്പക്കാർ ഈ കെണിയിൽ എന്നെന്നേക്കുമായി പെടുന്നു. ഗാന്ധിനഗർ സ്‌റ്റേഷൻ പരിധിയിൽ അടുത്തിടെ ഗുണ്ടകളുടെ തമ്മിലടിയുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ എടുത്തിരുന്നു. കുപ്രസിദ്ധ ഗുണ്ടാനേതാവ് അലോട്ടിയും ഇയാളുടെ ശത്രുസംഘവും നാട്ടിൽ അക്രമം തുടങ്ങിയിട്ട് കാലം കുറേയായി. പൊലീസ് കസ്‌റ്റഡിയിൽനിന്ന് അലോട്ടിയെ രക്ഷിക്കാൻ നഗരമധ്യത്തിൽ ഗുണ്ടകൾ പൊലീസിനെ ആക്രമിച്ചിരുന്നു. ഗുണ്ടാസംഘങ്ങളുടെ തമ്മിലടി പലപ്പോഴും നാടിന്റെ സ്വസ്ഥത കളയാറുണ്ട്. ഫേസ്‌ബുക്ക് പോസ്‌റ്റിന്റെയും കമന്റിന്റെയുമെല്ലാം പേരുപറഞ്ഞ് പോലും സംഘാംഗങ്ങൾ ഏറ്റുമുട്ടുന്നു. രാത്രിയിൽ പ്രത്യേക സ്ഥലങ്ങളിൽ ഒത്തുചേർന്നാണ് ഇവർ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. ഒഴിഞ്ഞ പ്രദേശങ്ങൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരിയുടെ പുറത്താണ് ഒട്ടുമിക്ക കുറ്റകൃത്യങ്ങളും നടക്കുന്നത്. ലഹരിയുടെ പിടി അയയുമ്പോൾ ഇങ്ങനൊരു സംഭവം നടന്നതായി പ്രതികൾക്ക് ഓർമ പോലുമില്ലാതായിട്ടുള്ള സംഭവങ്ങളുണ്ട്. ഗുണ്ടകളെ അമർച്ചചെയ്യാൻ പൊലീസ് കടുത്ത നടപടികളെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഗുണ്ടകളെയും ക്വട്ടേഷൻ സംഘങ്ങളെയും അമർച്ചചെയ്യുന്നതിൽ പൊലീസിന് തുടർച്ചയായ ജാഗ്രത വേണം. രാഷ്ട്രീയവും അല്ലാത്തതുമായ കൊലപാതകങ്ങൾ കേരളത്തിൽ സാധാരണ സംഭവങ്ങളായി മാറിയിട്ടുണ്ട്. ഗുണ്ടകൾ ആളുകളെ കൊലപ്പെടുത്തി കാൽ വെട്ടിയെടുത്ത് ആഘോഷ യാത്ര നടത്തുന്നു. ക്രിമിനൽ മാഫിയാസംഘങ്ങൾ നഗരങ്ങളിൽ പട്ടാപ്പകൽ വിലസുന്നു. ഗുണ്ടാ പ്രവർത്തനം തൊഴിലായി വളരുകയാണ്. ഗുണ്ടാസംഘങ്ങൾ തമ്മിലടിക്കുന്നത് നാടിന് ഭീഷണിയായി മാറി. ഏറ്റവുമധികം ഗുണ്ടകളുള്ലത് തലസ്ഥാനത്താണ്. കൊലപാതകം, ക്വട്ടേഷൻ, അക്രമ പ്രവർത്തനങ്ങൾ തുടങ്ങി പൊതുസമൂഹത്തിന് ഭീഷണിയായ ഗുണ്ടാസംഘങ്ങളാണ് തലസ്ഥാനത്ത് വിലസുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ഗുണ്ടാ പ്രവർത്തനത്തിന് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ നടപടികളെല്ലാം നിലച്ചിരിക്കുകയാണ്. ഗുണ്ടകളുമായി ചില പൊലീസുകാർക്കുള്ള വഴിവിട്ട ബന്ധങ്ങളും നടപടികൾക്ക് തടസമാകുന്നുണ്ട്. ഗുണ്ടകളെ നേരിടാൻ 15 വർഷം മുൻപ് കാപ്പ നിയമം കേരളത്തിലുണ്ട്. എന്നാൽ ഇതൊന്നും ഗുണ്ടകളെ നേരിടാൻ പര്യാപ്തമാവുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
ഗുണ്ടാനിയമം (gunda act) പ്രയോഗിക്കുന്നതിൽ പൊലീസിന് കടമ്പകളേറെയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഗുണ്ടാനിയമം ചുമത്താനുള്ള ശുപാർശകളിൽ കളക്ടർമാർ തീരുമാനമെടുക്കാത്തതാണ് നടപടികൾ വൈകിക്കുന്നത്. ഗുണ്ടാ നിയമപ്രകാരം കരുതൽ തടവിലാക്കേണ്ട 145 പേരുകളാണ് ഈ വർഷം നവംബർ 30 വരെ കലക്ടർമാർക്ക് ജില്ലാ പൊലീസ് മേധാവിമാർ കൈമാറിയത്. ഇതിൽ 39 പേരെ കരുതൽ തടങ്കലിലാക്കി ഉത്തരവിട്ടു. ബാക്കിയുള്ളവരുടെ കാര്യത്തിൽ നടപടിയില്ല. ഇതിനു കാരണം രാഷ്ട്രീയ സമ്മർദ്ദമാണ്. കോടതികളിൽ നിന്നുള്ള തിരിച്ചടി നേരിടുമെന്ന് ഭയന്ന് കരുതലോടെയാണ് ഐ.എ.എസുകാർ നടപടിയെടുക്കുന്നതെന്നൊരു വിശദീകരണവുമുണ്ട്. 2020ൽ 150 പേരെ ഗുണ്ടാനിയമം ചുമത്തി തടവിലാക്കാൻ നടപടി തുടങ്ങിയിരുന്നു. ഇതിൽ 51 പേർക്കെതിരായ കരുതൽ തടങ്കൽ ഉത്തരവിൽ കലക്ടർമാർ ഒപ്പിട്ടില്ല. അകത്താക്കിയവരിൽ ഒരാൾ ഹൈക്കോടതിയുടെ അനുകൂല റിപ്പോർട്ടിൽ പുറത്തിറങ്ങി. 31 പേരെ ഉന്നതതല ഉപദേശക സമിതിയും വിട്ടയച്ചു. സ്ഥിരം ക്രിമിനലുകളെ നാടുകടത്താൻ കാപ്പ നിയമപ്രകാരം ഐ.ജിമാർക്ക് അധികാരമുണ്ട്. ഇക്കൊല്ലം നവംബർ വരെ 201 ഗുണ്ടകളുടെ പേരുകൾ എസ്.പിമാർ നല്കിയെങ്കിലും 117 ഉത്തരവു മാത്രമാണ് ഐ.ജിമാർ പുറപ്പെടുവിച്ചത്. 2010 ൽ ഇത്തരത്തിൽ 160 പേരുടെ പട്ടിക എസ്.പിമാർ നല്‌കിയെങ്കിലും 72 പേരെ മാത്രമാണ് ആറ് മാസം മുതൽ ഒരുവർഷം വരെ നാടുകടത്തി ഉത്തരവിട്ടത്. ഇങ്ങനെ ഉത്തരവിറങ്ങിയാൽ ക്രിമിനലുകൾ സ്വന്തം ജില്ലയിൽ പ്രവേശിക്കരുത്. പോലീസ് നടപടികൾ ശക്തമായില്ലെങ്കിൽ ഗുണ്ടകൾ അരങ്ങു വാഴുന്ന സ്ഥിതി വിശേഷം അകലെയല്ല… ഗുണ്ടകളെ പേടിക്കാതെ സാധാരണക്കാർക്ക് ജീവിക്കാനുള്ള സാഹചര്യം നിയമപാലകർ ഒരുക്കിയേ മതിയാകു…
യുദ്ധം; കാരണവും അനന്തരഫലവും
https://www.facebook.com/varthatrivandrumonline/videos/1141350856613373