ഏറ്റവും മികച്ച സ്വഭാവ നടിമാരിലൊരാളാണ് കെപിഎസി ലളിത.അഭിനയത്തികവ് കാണിക്കാൻ നായികയാകണമെന്ന് നിർബന്ധമില്ലെന്ന് തെളിയിക്കുന്നതാണ് കെ പി എ സി ലളിതയുടെ അഞ്ഞൂറിലേറെ വേഷങ്ങൾ. അഞ്ച് പതിറ്റാണ്ട് കാലം പല ഭാവങ്ങളിൽ, പല വേഷങ്ങളിൽ കെ പി എ സി ലളിത നമുക്കൊപ്പമുണ്ടായിരുന്നു.
ആലപ്പുഴയിലെ രാമപുരത്ത് 1947 ഫെബ്രുവരി 25നാണ് മഹേശ്വരിയമ്മ എന്ന കെ.പി.എ.സി ലളിത ജനിച്ചത്. പത്താംവയസിൽ ഗീതയുടെ ബലിയിലൂടെ നർത്തകിയായി നാടകത്തിലെത്തി. 64ൽ കെ.പി.എ.സിക്കൊപ്പം ചേർന്നപ്പോൾ തോപ്പിൽഭാസി മഹേശ്വരിയെ ലളിതയാക്കി. അരങ്ങിൽ നിന്നുള്ള ഊർജ്ജമായിരുന്നു ലളിതയുടെ എക്കാലത്തെയും കരുത്ത്.64 മുതൽ യാത്ര കെ പി എ സി ക്കൊപ്പമായി. മുടിയനായ പുത്രൻ, സർവ്വേ കല്ല്, അശ്വമേധം, ശരാശയ്യ തുടങ്ങിയ സൂപ്പർ ഹിറ്റ് നാടകങ്ങളിലൂടെ അരങ്ങിലെ താരോദയമായി.കെ.എസ് സേതുമാധവന്റെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര അരങ്ങേറ്റം. കൊടിയേറ്റത്തിൽ ഭരത്‌ഗോപിക്കൊപ്പം നായികയായി. പിന്നീട് അമ്മയായും ഭാര്യയായും സഹോദരിയായുമൊക്കെയുള്ള വേഷപ്പകർച്ചകൾ. നായികയാകണമെന്ന നിർബന്ധമില്ലാതെ പിന്നീട് ലളിതയുടെ മികച്ച വേഷങ്ങൾ വെള്ളിത്തിരയിലെത്തി. മതിലുകളിൽ മമ്മൂട്ടിയുടെ ബഷീറിനൊപ്പം ലളിതയുടെ നാരായണി നിറഞ്ഞ് നിന്നത് വെറും ശബ്ദത്തിലൂടെ മാത്രമാണ്.
ശബ്ദവിന്യാസം കൊണ്ട് മായാജാലം തീർത്തു. കാലം മാറുമ്പോഴും സിനിമ മാറുമ്പോഴും തലമുറക്കൊപ്പം നിറഞ്ഞുനിന്നു. മലയാളത്തിലും തമിഴിലുമായി 500ലധികം ചിത്രങ്ങൾ. ശാന്തത്തിലൂടെയും അമരത്തിലൂടെയും മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം നേടി. നാല് തവണ സംസ്ഥാന പുരസ്‌കാരവും നേടി. ഇടത് സഹയാത്രികയായിരുന്ന ലളിത സംഗീത നാടക അക്കാദമി ചെയർപേഴ്‌സനുമായിരുന്നു.ഇന്നസെന്റ്-കെ.പി.എ.സി ലളിത കൂട്ടുകെട്ടിൽ പിറന്ന ഹാസ്യരംഗങ്ങൾ എക്കാലത്തെയും ഹിറ്റുകളാണ്. മണിച്ചിത്രത്താഴ്, കോട്ടയം കുഞ്ഞച്ചൻ, ഗോഡ്ഫാദർ, ഗജകേസരിയോഗം, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, വരനെ ആവശ്യമുണ്ട്, വിയറ്റ്‌നാം കോളനി, കനൽകാറ്റ്… അങ്ങനെയങ്ങനെ. മലയാളിയുടെ പ്രിയപ്പെട്ട താരജോഡിയായി മാറി ഇന്നസെന്റ്-കെ.പി.എ.സി ലളിത കൂട്ടുകെട്ട്.ഹാസ്യവേഷങ്ങളെല്ലാം അനായാസവും അപാരമായ ശബ്ദ-മെയ് വഴക്കത്തോടെയുമാണ് ലളിത അവതരിപ്പിച്ചത്.
ഓരോന്നും ഒന്നിനൊന്ന് മെച്ചം. മലയാള ചലച്ചിത്ര ആസ്വാദകർക്ക് മറക്കാൻ കഴിയാത്ത വേഷങ്ങളാണ് അവയെല്ലാം… സുകുമാരിയെപ്പോലെ തന്നെ വൈവിധ്യമാർന്ന ഹാസ്യവേഷങ്ങളെ അനായാസം ശരീരത്തിലേക്ക് ആവാഹിച്ചാണ് ലളിത മലയാളത്തിന്റെ ജനപ്രിയ നടിയായിമാറുന്നത്. നാടൻ ഹാസ്യരംഗങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുത്തു അവർ. അതിൽ പലഭാവങ്ങളുണ്ടായിരുന്നു; പരദൂഷണം പറയുന്ന അമ്മ-അമ്മായിയമ്മ, കുശാഗ്രബുദ്ധിക്കാരിയും കൗശലക്കാരിയുമായ ഭാര്യ… അങ്ങനെയങ്ങനെ പല വേഷങ്ങൾ, പലഭാവങ്ങളിൽ എന്നാൽ ഒട്ടും ഹാസ്യത്തിന്റെ മേമ്പൊടി മാറാതെ അവർ സ്‌ക്രീനിലെത്തിച്ചു. കുടുംബങ്ങളിൽ ചിരിപടർത്തി. ടെലിവിഷൻ രംഗത്തും ഹാസ്യവേഷങ്ങളിലൂടെ തിളങ്ങി കെ.പി.എ.സി ലളിത.
നൂറുകണക്കിന് സിനിമകളുടെ ഭാഗമായി മാറിയ കെ.പി.എ.സി ലളിത മലയാളി സിനിമ ആസ്വാദകരുടെ അമ്മ സങ്കൽപ്പങ്ങൾക്ക് പൂർണത നൽകിയ നടിയായി. 2000ൽ ശാന്തം എന്ന സിനിമയിലൂടെയും 1991ൽ അമരത്തിലൂടെയും മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി. അമരം, കടിഞ്ഞൂൽ കല്യാണം, ഗോഡ് ഫാദർ, സന്ദേശം (1991) എന്നീ സിനിമകളിലെ അഭിനയത്തിന് 1991ൽ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ആരവം (1980), സൃഷ്ടി ച്ചര (1978), നീല പൊന്മാൻ , ഒന്നും ലെല്ലെ (1975) എന്നീ ചിത്രങ്ങൾക്കും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരങ്ങൾ കെ.പി.എ.സി ലളിതയെ തേടിയെത്തി.കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മ, വിയറ്റ്നാം കോളനിയിലെ പട്ടാളം മാധവി, പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ സൂപ്രണ്ട്, ഐസ്ക്രീമിലെ എലിസബത്ത്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്സിലെ അല്ലു, സി.ഐ.ഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടൻ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊൻമുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത, ആദ്യത്തെ കൺമണിയിലെ മാളവിക അങ്ങനെ സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ 550ലേറെ സിനിമയിൽ നിറഞ്ഞാടി.
മലയാള സിനിമയിലെ നിറ പുഞ്ചിരിയും അമ്മയുമായ കെ പി എ സി ലളിത ഇനി ഓർമകളിൽ മാത്രം… അതുല്യ കലാകാരിക്ക് വാർത്താട്രിവാൻഡ്രത്തിന്റെ ആദരാഞ്ജലികൾ…
ദ്രോണർക്കായി ‘ആന’ സംസാരിക്കുമ്പോൾ
https://www.facebook.com/varthatrivandrumonline/videos/462028265576672