ആറ്റിങ്ങൽ: തെരുവ് നായ്ക്കൾ 6 ആടുകളെ കടിച്ചു കീറി . മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ പരുത്തിയിൽ കട്ടയിൽകോണം പന്നികുറ്റി വീട്ടിൽ സുരേഷ്കുമാർ, ഷീല ദമ്പതികളുടെ ആടുകളെയാണ് തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്. ഇന്നലെ രാവിലെ 4 മണിയോടെയായിരുന്നു സംഭവം. ആട്ടിൻ കൂടിന്റെ ചുമർ ചാടി കടന്നെത്തിയ ഏഴോളം തെരുവ് നായ്ക്കൾ 2 വലിയ ആടുകളേയും 4 കുട്ടികളേയും കൊല്ലുകയായിരുന്നു. കൂട്ടിലുണ്ടായിരുന്ന മറ്റ് 3 ആടുകൾക്ക് പരിക്കുകളേറ്റു. ചത്ത ആടുകളിൽ ഒരെണ്ണം പൂർണ്ണ ഗർഭിണി ആയിരുന്നു. സുരേഷ്കുമാർ ഓട്ടോ ഡ്രൈവറാണ്. ലോണെടുത്താണ് ആടുകളെ വാങ്ങിയത്. സംഭവം നടക്കുന്നതിന്റെ തലേ ദിവസം സമീപത്തെ വീട്ടിലെ ഒരു പെൺകുട്ടിയെ കൂട്ടമായി എത്തിയ നായകൾ കടിച്ചു പരിക്കേൽപ്പിച്ചിരുന്നു. ഒരാഴ്ച്ച മുമ്പ് മേയാൻ വിട്ടിരുന്ന ആട്ടിൻ കൂട്ടത്തേയും തെരുവ് നായ്ക്കൾ അക്രമിച്ചു. ഒരു ആട്ടിൻകുട്ടി ചാവുകയും രണ്ടാടുകളുടെ കഴുത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.