ചിറയിൻകീഴ്: ഗുരുദർശനങ്ങളിൽ അടിയുറച്ചുള്ള ജീവിതചര്യ സമൂഹത്തിനാകമാനം ശാന്തിയും സമാധാനവും കൈവരിക്കാനിടയാക്കുമെന്നു ശിവഗിരി മഠം സ്വാമി സുരേശ്വരാനന്ദ പറഞ്ഞു. ചിറയിൻകീഴ് സഭവിള ശ്രീ നാരായണാശ്രമത്തിൽ മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി ചിറയിൻകീഴ് എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഗുരുദർശന സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർവ ചരാചരങ്ങളുടേയും സമാധാനത്തിനും സർവതോന്മുഖമായ വളർച്ചക്കും ഗുരുദർശനങ്ങൾ വഴികാട്ടിയാണെന്നും ഗുരുവിന്റെ വഴിയേ സഞ്ചരിക്കുകയെന്നാൽ യഥാർഥ മനുഷ്യനാവുകയെന്നതാണെന്നും സ്വാമികൾ കൂട്ടിച്ചേർത്തു. ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ അധ്യക്ഷനായി. ആശ്രമാങ്കണത്തിൽ നടന്ന സമൂഹ ഉപവാസ യജ്ഞത്തോടെ ജയന്തി ദിനത്തിൽ തുടക്കമിട്ട ഗുരു സന്ദേശ പ്രബോധന വാരാചരണത്തിനും സമാപനം കുറിച്ചു. ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്ര സമിതി പ്രസിഡന്റ് ഡോ.ബി. സീരപാണി ഗുരുധർമപ്രഭാഷണവും എസ്എൻഡിപി യോഗം കൗൺസിലർ ഡി.വിപിൻ രാജ് മഹാസമാധിദിന സന്ദേശവും നൽകി. ചടങ്ങിൽ പെരുങ്ങുഴി കൃഷ്ണപുരം സ്വദേശി വർഷ സുന്ദർ വരച്ച ശ്രീനാരായണ ഗുരുദേവന്റെ പൂർണകായ ചിത്രം സ്വാമി സുരേശ്വരാനന്ദയ്ക്കു ചിത്രകാരി കൈമാറി. യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, എസ്എൻഡിപി യോഗം വനിതാ സംഘം കോ ഓർഡിനേറ്റർ രമണി ടീച്ചർ വക്കം, യോഗംഡയറക്ടർ അഴൂർ ബിജു, എസ്എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ചന്ദ്രൻ പട്ടരുമഠം, എസ്എൻജി ട്രസ്റ്റ് ലൈഫ്മെമ്പർ രാജൻ സൗപർണിക, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി. ചിത്രാംഗദൻ, സഭവിള ആശ്രമം പ്രസിഡന്റ് സുഭാഷ് പുത്തൂർ, പെരുങ്ങുഴി ശ്രീരാജരാജേശ്വരി ക്ഷേത്രം മേൽശാന്തി കാര്യവട്ടം മേനല്ലൂർ മഠത്തിൽ സതീശൻ പോറ്റി, ഗുരുക്ഷേത്ര ഗുരുമണ്ഡപ ജില്ലാ സമിതി ജോയിന്റ് സെക്രട്ടറി സുരേഷ് തിട്ടയിൽ, പി.സുഭാഷ് ചന്ദ്രൻ,വനിതാ സംഘം യൂണിയൻ ഭാരവാഹികളായ ലതിക പ്രകാശ്, ഷീല സോമൻ, ഉദയകുമാരിവക്കം, കീർത്തി സൈജു, ശ്രീജ അജയൻ, വൽസലപുതുക്കരി, ബീന ഉദയകുമാർ എന്നിവർ പ്രസംഗിച്ചു. രാവിലെ ആശ്രമാങ്കണത്തിലെ സരസ്വതീ മണ്ഡപത്തിൽ ജപയജ്ഞവും രമണി വക്കത്തിന്റെ ഗുരുദേവ കൃതികളുടെ സംഗീതാവിഷ്കരണവും നടന്നു. വൈകിട്ടു മഹാസമാധി പൂജയോടെ സമാപിച്ചു.