തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും പ്രധാന ഫുട്ബോൾ മത്സരം സന്തോഷ് ട്രോഫി കിരീടത്തിനായി ബൂട്ട് കെട്ടുന്ന കേരളത്തിന്റെ മുന്നേറ്റവും പ്രതിരോധവും പ്രതീക്ഷയും തലസ്ഥാനത്തിന്റെ കൈയിൽ. 22 അംഗ ടീമിൽ എട്ടുപേരാണ് തിരുവനന്തപുരത്തുനിന്ന് ഇടം നേടിയതത്. എല്ലാവരും കടലിന്റെ മക്കൾ. നടപ്പിലും നിൽപിലും ഫുട്ബാളിനെ ശ്വാസമായിക്കൊണ്ടുനടക്കുന്ന പൂവാറിലെയും പൊഴിയൂരിലെയും ഒരുപിടി ചുണക്കുട്ടന്മാരിലാണ് ഇത്തവണ കോച്ച് പി.ബി. രമേശിന്റെ സ്വപ്നങ്ങളത്രയും. എട്ടുപേരടങ്ങുന്ന പ്രതിരോധനിരയിൽ മനോജ്, ആർ. ഷിനു, ജെ. ജെറിറ്റോ, ബൽജിൻ ബോൽസ്റ്റൺ അടക്കം നാലുപേരാണ് ജില്ലയിൽ നിന്ന് ഇടംപിടിച്ചത്. മധ്യനിരയിൽ നിജോ ഗിൽബർട്ട്, പി. അജീഷും നീക്കങ്ങൾ നിയന്ത്രിക്കുമ്പോൾ എതിരാളികളുടെ ഗോൾമുഖം കുലുക്കാൻ ഇത്തവണ നിയോഗിക്കപ്പെട്ട മൂന്നുപേരിൽ വിഘ്നേഷും ജോൺപോളുമുണ്ട്.
വിഘ്നേഷ്
കെ.എസ്.ഇ.ബിയുടെ സ്ഥിരം ജീവനക്കാരനായ വിഘ്നേഷ് കഴിഞ്ഞ തവണ സന്തോഷ് ട്രോഫിയിൽ മുത്തമിട്ട താരമാണ്. ദേശീയ ഗെയിംസിൽ കേരളത്തിനായി രണ്ട് ഗോളും നാല് അസിസ്റ്റുമായി കളം നിറഞ്ഞ ഈ 25കാരാനാണ് ടീമിന്റെ കുന്തമുന. തൃച്ചി ജെ.ജെ.എൻജിനീയറിങ് കോളജിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ താരം അഞ്ചുവർഷമായി കെ.എസ്.ഇ.ബിയിൽ ജൂനിയർ അസിസ്റ്റന്റാണ്. മത്സ്യത്തൊഴിലാളികളായ മരിയ സ്റ്റാർ- ഫ്ലോറ ദമ്പതികളുടെ മകനാണ്.
ജോൺ പോൾ
പൂവാർ സ്വദേശിയായ ജോൺ പോൾ എസ്.ബി.എഫ്.എ ക്ലബിലൂടെയാണ് പന്തുതട്ടി തുടങ്ങുന്നത്. മത്സ്യത്തൊഴിലാളിയായ ജോസിന്റെയും ഷറഫിയുടെയും മകനാണ്. അഹ്മദാബാദിൽ നടന്ന ദേശീയ ഗെയിംസിൽ ഏതിരാളികളുടെ ഗോൾമുഖം വിറപ്പിച്ച ജോൺ കഴിഞ്ഞ ഏതാനും വർഷങ്ങളായി കെ.എസ്.ഇ.ബിയുടെ മുന്നേറ്റ താരങ്ങളിൽ പ്രധാനിയാണ്.
കേരള പ്രീമിയർ ലീഗിൽ കഴിഞ്ഞ രണ്ടുവർഷവും കെ.എസ്.ഇ.ബിയെ ഫൈനൽ വരെ എത്തിക്കുന്നതിൽ ഈ 24കാരനുള്ള പങ്ക് വലുതാണ്. യൂനിവേഴ്സിറ്റി കോളജിലെ ബി.എ ഹിസ്റ്ററി വിദ്യാർഥിയായ ജോൺപോൾ ആദ്യമായാണ് സന്തോഷ് ട്രോഫിയിൽ കേരളത്തിനായി ഇറങ്ങുന്നത്.
നിജോ ഗിൽബർട്ട്
മധ്യനിരയിൽനിന്ന് കേരളത്തിന്റെ നീക്കങ്ങളുടെ ചുക്കാൻ പിടിക്കുക ഈ 23കാരനായിരിക്കും. കെ.എസ്.ഇ.ബിയിൽ സ്പോർട്സ് അസിസ്റ്റന്റ് തസ്തികയിൽ ജോലി ചെയ്യുന്ന നിജോ ഗിൽബർട്ട് കഴിഞ്ഞ തവണ സന്തോഷ് ട്രോഫി നേടിയ ടീമിൽ അംഗമായിരുന്നു. പൂവാർ എസ്.ബി.എഫ്.എ ക്ലബിലൂടെ ഫുട്ബാൾ രംഗത്തെത്തിയ താരം പൂവാർ ചന്തവിളാകം സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ ഗിൽബർട്ട്- തങ്കം എന്നിവരുടെ മൂന്നു മക്കളിൽ ഇളയവനാണ്.
പി. അജീഷ്
സന്തോഷ് ട്രോഫിയിൽ തമിഴ്നാടിനുവേണ്ടി കളിച്ച പരിചയവുമായാണ് പൊഴിയൂർ സ്വദേശിയായ അജീഷ് ഇത്തവണ കേരള ക്യാമ്പിലെത്തിയിരിക്കുന്നത്. നിജോക്കൊപ്പം മുന്നേറ്റ നിരക്ക് പന്ത് എത്തിക്കാൻ കോച്ച് കരുതിവെച്ചിരിക്കുന്ന കേരളത്തിന്റെ തുറുപ്പ് ഗുലാനാണ് അജീഷ്. തമിഴ്നാട്ടിൽ പഠിക്കുമ്പോഴാണ് 2017-18 സീസണിൽ അജീഷ് തമിഴ് നാടിനുവേണ്ടി സന്തോഷ് ട്രോഫിയിൽ ഇറങ്ങിയത്.നിലവിൽ അണ്ണാമലൈ യൂനിവേഴ്സിറ്റിയിൽ എം.ബി.എ അവസാന വർഷ വിദ്യാർഥിയാണ്. ഏജീസ് ഓഫിസ് ഓഡിറ്ററായ താരം മത്സ്യത്തൊഴിലാളിയായ പത്രോസിന്റെയും-മരിയ ഗ്രേഡിസിന്റെയും മകനാണ്. കഴിഞ്ഞ ദേശീയ ഗെയിംസിലും കേരള ടീമിൽ ഈ 24കാരൻ ഇടംപിടിച്ചിരുന്നു.
എം. മനോജ്
ഉദയ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിലൂടെയാണ് പൊഴിയൂർ സ്വദേശിയായ എം. മനോജ് മുൻനിര താരപദവിലേക്കെത്തുന്നത്. കേരള പ്രീമിയർ ലീഗിൽ ഗോകുലം കപ്പുയർത്തിയപ്പോൾ പ്രതിരോധനിരയിൽ മനോജിന്റെ അധ്വാനവുമേറെ പ്രശംസ നേടിയിരുന്നു.കഴിഞ്ഞ വർഷം കേരള യൂനൈറ്റഡിനു വേണ്ടി കരാർ ഒപ്പിട്ട താരം എസ്.ബി.ഐക്കു വേണ്ടിയും മേയഴ്സ് കപ്പിൽ ജഴ്സി അണിഞ്ഞിട്ടുണ്ട്. തമിഴ്നാട് വേൽസ് യൂനിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ പൂർത്തിയാക്കി. പരുത്തിയൂർ പുതുവൽപുരയിടം വീട്ടിൽ മത്സ്യത്തൊഴിലാളിയായ മാർക്കോസിന്റെയും-ഡേവിൾസ് മേരിയുടെയും മകനാണ് ഈ 26കാരൻ.
ആർ. ഷിനു
പുല്ലുവിള കടപ്പുറത്ത് പന്തുതട്ടി വളർന്ന ഷിനുവിന്റെ ആദ്യ സന്തോഷ് ട്രോഫിയാണ് ഇത്തവണത്തേത്. രണ്ടുവർഷമായി കെ.എസ്.ഇ.ബിക്കായി അതിഥിതാരമായി ബൂട്ടണിയുന്ന ഷിനു തുമ്പ സെന്റ് സേവിയേഴ്സ് കോളജിലെ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ് വിദ്യാർഥിയാണ്. പുല്ലുവിള കുട്ടവിളാകം പുരിയടം വീട്ടിൽ മത്സ്യത്തൊഴിലാളി റൈമൺസ്-ഉഷ ദമ്പതികളുടെ മകനാണ് ഈ 23കാരൻ.
ബെൽജിൻ ബോൽസ്റ്റർ
ചെന്നൈ എസ്.ആർ.എം യൂനിവേഴ്സിറ്റിയിലെ ഫിസിക്കൽ എജുക്കേഷൻ ഡിഗ്രി വിദ്യാർഥിയായ ബെൽജിൻ പൂവാർ എസ്.ബി.എഫ്.എ ക്ലബിൽ നിന്നാണ് സന്തോഷ് ട്രോഫി സ്ക്വാഡിലേക്കെത്തുന്നത്. കെ.എസ്.ഇ.ബിയുടെ അതിഥിതാരമായ ഈ 21കാരനിൽ പരിശീലകൻ രമേശിനുള്ള പ്രതീക്ഷകൾ ഏറെയാണ്. പൂവാർ, എരികില വിള സ്വദേശി മത്സ്യത്തൊഴിലാളി ബോൽസ്റ്ററിന്റെയും യേശുദാസിയുടെയും മകനാണ് ഈ 21കാരൻ.
ജെ. ജെറിറ്റോ
ഇത്തവണ നടന്ന ദേശീയ ഗെയിംസിൽ വെള്ളി മെഡൽ നേടിയ കേരളത്തിനായി ബൂട്ടുകെട്ടിയ ജെറിറ്റോ കെ.എസ്.ഇ.ബിയിൽ ജൂനിയർ അസിസ്റ്റന്റാണ്. കേരള പ്രീമിയർ ലീഗിൽ കെ.എസ്.ഇ.ബിക്കായും ബൂട്ട് കെട്ടിയിട്ടുണ്ട്. കന്യാകുമാരി പൂത്തുറ സ്വദേശിയായ ഈ 25കാരൻ നിലവിൽ പട്ടത്ത് വാടകക്കാണ് താമസിക്കുന്നത്. മത്സ്യത്തൊഴിലാളികളായ ജയശീലൻ-പ്രേമ ദമ്പതികളുടെ മകനാണ്.
ഈ ക്രിസ്തുമസും ന്യൂഇയറും കളറാക്കാൻ പൂജയും ഒപ്പം കൈ നിറയെ ഓഫറുകളും
https://www.facebook.com/varthatrivandrumonline/videos/497720782463157