പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ അനുമതി കിട്ടിയതിന് പിന്നാലെ വ്യാഴാഴ്ച യുക്രൈനിലേക്ക് ഇരച്ച് കയറുകയായിരുന്നു റഷ്യൻ സൈന്യം. കര, വ്യോമ, നാവിക മാർഗങ്ങളിലൂടെ യുക്രൈനെ വരിഞ്ഞ് മുറുക്കിയായിരുന്നു റഷ്യയുടെ ബഹുമുഖ ആക്രമണം. ലോകത്തിലെ ഏറ്റവും വലിയ സൈനികസംഘങ്ങളിലൊന്നായ റഷ്യയുടെ ആക്രമണത്തിന് മുന്നിൽ പിടിച്ച് നിൽക്കാനാകില്ലെന്ന് ഉറപ്പായിട്ടും പോരാടുകയാണ് യുക്രൈൻ. വിട്ടുകൊടുക്കാനോ ഒളിച്ചോടാനോ തയ്യാറല്ലെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി നയം വ്യക്തമാക്കുകയും ചെയ്തു.
ആദ്യ ദിവസംതന്നെ യുക്രൈനിലെ പ്രധാന നഗരങ്ങളിലും വ്യോമത്താവളങ്ങളിലും മറ്റ് തന്ത്രപ്രധാന മേഖലകളിലും റഷ്യ ആക്രമണം നടത്തി. അതിർത്തി കടന്നെത്തിയ റഷ്യൻ സൈനിക സംഘത്തിൽ സ്പെറ്റ്സ്നാസ് സംഘവും ഉണ്ട്. ബെലാറസിൽ സംയുക്ത സൈനികാഭ്യാസ സമയത്ത് തന്നെ ഇവർ ബെലാറസിൽ എത്തിയിരുന്നുവെന്നാണ് നാറ്റോ വെളിപ്പെടുത്തൽ. യുദ്ധ ഭൂമിയിലും രക്ഷാപ്രവർത്തന മേഖലയിലും മുൻപും സ്പെറ്റ്സ്നാസ് സംഘത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.
എന്താണ് സ്പെറ്റ്സ്നാസ് ഫോഴ്സ് ?
റഷ്യയിലെ പ്രത്യേക സൈനിക യൂണിറ്റാണ് സ്പെറ്റ്സ്നാസ്. അവരെക്കുറിച്ച് അറിയുന്നതിനൊപ്പം തന്നെ മനസ്സിലാക്കേണ്ടതാണ് റഷ്യൻ മിലിറ്ററി ഇന്റലിജൻസ് സർവീസിനെ (GRU) കുറിച്ചും. 1991ൽ സോവിയറ്റ് യൂണിയന്റെ പതനത്തോടെയാണ് അന്നത്തെ സുരക്ഷാ ഏജൻസിയായ കെ.ജി.ബിക്ക് പകരം ജി.ആർ.യു നിലവിൽവന്നത്. മിലിറ്ററി ഇന്റലിജൻസ് ഏജൻസിയായ ജി.ആർ.യുവിന്റെ സ്വന്തം കമാൻഡോ വിഭാഗമാണ് സ്പെറ്റ്സ്നാസ്. രഹസ്യാന്വേഷണവും അട്ടിമറി നീക്കങ്ങളുമാണ് ഈ കമാൻഡോ വിഭാഗത്തിന്റെ പ്രധാന ഓപ്പറേഷൻ.
1949ൽ രൂപീകൃതമായ ഈ കമാൻഡോ വിങ് സോവിയറ്റ് യൂണിയന്റെ കാലത്തും സജീവമായിരുന്നു. 1979ൽ അഫ്ഗാനിസ്താനിലെ റഷ്യൻ അധിനിവേശത്തിൽ പ്രധാന പങ്ക് വഹിച്ചതും സൈനിക നീക്കങ്ങൾക്ക് നേതൃത്വം നൽകിയതും സ്പെറ്റ്സ്നാസ് കമാൻഡോകളായിരുന്നു. പ്രത്യേക ദൗത്യ സംഘമായ ഇവർ റഷ്യൻ സൈന്യത്തിലെ എലൈറ്റ് വിഭാഗമായാണ് അറിയപ്പെടുന്നത്.
സ്പെറ്റ്സ്നാസ് സംഘത്തിലേക്കുള്ള റിക്രൂട്മെന്റ്
200 വർഷത്തിലധികം പാരമ്പര്യമുള്ള മിലിറ്ററി ഇന്റലിജൻസ് സർവീസുള്ള റഷ്യയുടെ എലൈറ്റ് സൈനിക കമാൻഡോ വിഭാഗമായതിനാൽ തന്നെ സ്പെറ്റ്സ്നാസ് കമാൻഡോ വിങ്ങിലേക്കുള്ള റിക്രൂട്മെന്റും അതികഠിനമാണ്. അഞ്ച് വർഷത്തെ ട്രെയ്നിങ് പൂർത്തിയാക്കിയാണ് സ്പെറ്റ്സ്നാസ് സംഘത്തിലെ ഒരു സൈനികൻ സജ്ജമാകുന്നത്.
ഇതിന് ശേഷം അഞ്ച് മാസം കൂടി പിന്നിട്ട ശേഷമേ ഇവർക്ക് പ്രത്യേക ദൗത്യങ്ങളുടെ ഭാഗമാകാൻ കഴിയുകയുള്ളൂ. മറ്റ് സൈനിക വിഭാഗങ്ങളിൽ നിന്നാണ് സ്പെറ്റ്സ്നാസ് സംഘത്തിലേക്ക് ആളുകളെ ഉൾപ്പെടുത്തുന്നത്.
മറ്റൊരു ഇന്റീരിയർ വിസ്മയം തീർത്ത് വീണ്ടും KONCEPT DEKOR
https://www.facebook.com/varthatrivandrumonline/videos/655066392364969