ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരായ താരങ്ങളുടെ ദില്ലി ജന്തർ മന്തറിലെ രാപ്പകൽ സമരം അഞ്ചാം ദിവസവും തുടരുന്നു. ബ്രിജ് ഭൂഷനെതിരായ ലൈംഗിക പരാതിയിൽ പൊലീസ് നടപടി എന്ന ആവശ്യത്തിൽ ഗുസ്തി താരങ്ങൾ ഉറച്ച് നിൽക്കുകയാണ്. ലൈംഗിക പരാതികൾ ഉന്നയിക്കാൻ വേദികൾ ഉണ്ടെന്നിരിക്കെ തെരുവിലെ സമരം കായിക മേഖലക്ക് ദോഷമെന്ന് ഒളിംപിക് അസോസിയേഷൻ അധ്യക്ഷ പിടി ഉഷ പ്രതികരിച്ചു. പി.ടി ഉഷയിൽ നിന്ന് പിന്തുണ പ്രതീക്ഷിച്ചിരുന്നു എന്ന് ബജ്‌രംഗ് പുനിയ പറഞ്ഞു.
താരങ്ങളുടെ പരാതിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ജനാധിപത്യ മഹിള അസോസിയേഷനും ആവശ്യപ്പെട്ടു. ദില്ലി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയ പി.കെ ശ്രീമതി ടീച്ചർ, മറിയം ദാവ്ള ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. പ്രശ്നം ഉന്നയിച്ച് 12 മണിക്കൂറിനുള്ളിൽ ഗുസ്തി താരങ്ങളെ കേട്ടു എന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ പ്രതികരിച്ചു. ബ്രിജ് ഭൂഷനെതിരെ ഏത് സ്റ്റേഷനിൽ വേണമെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന് അനുരാഗ് ഠാക്കൂർ വ്യക്തമാക്കി. താരങ്ങളുടെ ആരോപണങ്ങൾക്ക് സാക്ഷിയാണ് താനെന്ന് സായ് മുൻ ഫിസിയോ പരഞ്ജീത് മാലിക്ക് വ്യക്തമാക്കി. പരാതി ഉന്നയിച്ച തന്നെ സായ് പുറത്താക്കി എന്നും ഇക്കാര്യം മേൽനോട്ട സമിതിക്ക് മുമ്പാകെ അറിയിച്ചതാണെന്നും പരഞ്ജീത് പറഞ്ഞു.