ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14-ാം സീസണിനായുള്ള ഒരുക്കങ്ങൾ ടീമുകൾ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ ടീമിന്റെ ഭാഗമായ താരങ്ങളിൽ നിന്ന് നിലനിർത്തേണ്ടവരെയും ഒഴിവാക്കേണ്ടവരെയും തിരഞ്ഞെടുക്കുകയാണ് ഇപ്പോൾ ഫ്രാഞ്ചൈസികൾ. ഇതിൽ സുപ്രാധാന പ്രഖ്യാപനം വന്നിരിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ക്യാമ്പിൽ നിന്നാണ്.
ഓസിസ് താരവും നായകനുമായിരുന്നു സ്മിത്തുമായുള്ള കരാർ അവസാനിപ്പിക്കാൻ രാജസ്ഥാൻ റോയൽസ് തീരുമാനിച്ചിരിക്കുന്നു. പകരം വരുന്ന സീസണിൽ മലയാളി താരം സഞ്ജു സാംസണായിരിക്കും ടീമിനെ നയിക്കുക.സ്മിത്ത് നയിച്ച രാജസ്ഥാൻ റോയൽസ് കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായാണ് ടൂർണമെന്റ് അവസാനിപ്പിച്ചത്. 14 മത്സരങ്ങളിൽ നിന്ന് 311 റൺസായിരുന്നു ഓസിസ് താരത്തിന്റെ സമ്പാദ്യം. മൂന്ന് അർധസെഞ്ചുറികളടക്കാമായിരുന്നു ഇത്.
എന്നാൽ സ്മിത്തിന്റെ ക്യാപ്റ്റൻസി പരാജയമാണെന്ന് വിലയിരുത്തലായിരുന്നു ക്രിക്കറ്റ് ലോകത്ത് നിന്ന് ഉയർന്ന് വന്നത്. 2020 ഒക്ടോബറിൽ ക്ലബ്ബുമായുള്ള സ്റ്റീവ് സ്മിത്തിന്റെ കരാർ അവസാനിച്ചതായി രാജസ്ഥാൻ റോയൽസ് വ്യക്തമാക്കി.ഇന്ത്യൻ പ്രീമിയർ ലീഗിലെ മലയാളി സാനിധ്യങ്ങളിൽ ശ്രദ്ധേയമായ മുഖം സഞ്ജു സാംസണിന്റേതാണ്.
വെടിക്കെട്ട് പ്രകടനവുമായി കഴിഞ്ഞ സീസണിലും രാജസ്ഥാന്റെ കുപ്പായത്തിൽ സഞ്ജു തിളങ്ങിയിരുന്നു. രാഹുൽ ദ്രാവിഡിന്റെ പ്രിയപ്പെട്ട ശിഷ്യനായി രാജസ്ഥാനിലെത്തിയ സഞ്ജു അതിവേഗം തന്നെ ടീമിൽ ഒഴിവാക്കാനാകത്ത സാനിധ്യമായി വളർന്നു. രണ്ട് വർഷത്തെ വിലക്കിന് ശേഷം മടങ്ങിയെത്തിയപ്പോഴും സഞ്ജുവിനെ ഒപ്പം കൂട്ടിയാണ് രാജസ്ഥാൻ ഐപിൽ കളിച്ചത്. ഇപ്പോൾ പുതിയൊരു ഉത്തരവാദിത്വം കൂടി മലയാളി താരത്തിന് നൽകുകയാണ് ക്ലബ്. ഐപിഎല്ലിൽ ഒരു ടീമിനെ നയിക്കുന്ന ആദ്യ മലയാളി കൂടിയാകും സഞ്ജു.
അതേസമയം ടീമിന്റെ ഡയറക്ടറായി മുൻ ശ്രീലങ്കൻ ഇതിഹാസ താരം കുമാർ സംഘക്കാരയുമെത്തും. പുതിയ അധ്യായത്തിന് തുടക്കം എന്ന ക്യാപ്ഷനോടെയാണ് രാജസ്ഥാൻ റോയൽസ് സഞ്ജുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.