പെരിന്തൽമണ്ണ: മലപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സ്വകാര്യ ബസ് ജീവനക്കാരനായ പ്രതിക്ക് 46 വര്‍ഷം കഠിനതടവും 2.05 ലക്ഷം രൂപ പിഴയും വിധിച്ചു. പെരിന്തല്‍മണ്ണ- മലപ്പുറം റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരനായ ചട്ടിപ്പറമ്പ് കൊട്ടപ്പുറം താമരശേരി വീട്ടിൽ ഷമീമിനെയാണ് (31) പെരിന്തൽമണ്ണ പോക്സോ സ്പെഷൽ കോടതി ജഡ്ജ് എസ്. സൂരജ് ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും എട്ട് മാസവും അധിക തടവനുഭവിക്കണം. പിഴത്തുക ഇരയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. പെരിന്തല്‍മണ്ണ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം ജില്ലയിലെ നിരവധി സ്റ്റേഷനുകളില്‍ അടിപിടി, വഞ്ചന കേസുകളിലുള്‍പ്പെട്ടയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം വിചാരണ തുടങ്ങാനിരിക്കെ 2022 ജനുവരിയില്‍ ഒളിവില്‍ പോയതിനെ തുടര്‍ന്ന് പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 2023 ജനുവരിയില്‍ പെരിന്തല്‍മണ്ണ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തശേഷം ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെതന്നെ വിചാരണ നടത്തണമെന്ന അപേക്ഷ പ്രകാരം വിചാരണ നടത്തി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന. പി. പരമേശ്വരത് ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയക്കും.