പുല്ലാന്നികോട് സ്വദേശി ജോളിക്ക് സിംഗപ്പുരിലെ ഷിപ്പിങ് കമ്പനിയില്‍ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് സ്ത്രീയടക്കം മൂന്ന് പേർ പിടിയിലായത്. പത്തനംതിട്ട റാന്നി കൊല്ലംമുള വെച്ചൂച്ചിറ കോലശ്ശേരി വീട്ടില്‍നിന്നും തിരുവല്ല എസ്‌സിഎസ് ജങ്‌ഷനില്‍ കിഴക്കേകോവൂര്‍ വീട്ടില്‍ രാജി(35), പത്തനംതിട്ട മല്ലപ്പള്ളി കോട്ടങ്ങല്‍ ചുങ്കപ്പാറ തൊടുകയില്‍ വീട്ടില്‍ സുമേഷ് (33), സുമേഷിന്റെ പിതാവ് ശ്രീധരന്‍ (59) എന്നിവരാണ് അറസ്റ്റിലായത്.
പത്തനതിട്ട തിരുവല്ലയിലുള്ള ഒലിവ് ടൂർസ് ആൻഡ് ട്രാവൽസിലെ മാനേജിങ് പാര്‍ട്‌ണറാണ് രാജി. ജനറല്‍ മാനേജരാണ് സുമേഷ്. ശ്രീധരന്‍ ഇടനിലക്കാരനായി ആള്‍ക്കാരെ ക്യാന്‍വാസ് ചെയ്യുന്നയാളുമാണ്. 2018 ഒക്ടോബർ ഒന്നിന് ബാങ്ക് മുഖാന്തരമാണ് പരാതിക്കാരന്‍ പണം നല്‍കിയത്. പണം നല്‍കിയ ശേഷം സിംഗപ്പുരിലേക്ക് പോകാനുള്ള മെഡിക്കല്‍ നടത്തി വിസയുടെ വ്യാജകോപ്പി നല്‍കി പറ്റിക്കുകയായിരുന്നു.
പരാതിക്കാരന് പ്രതികള്‍ മലേഷ്യന്‍ കമ്പനിയുടെ പേരിലുള്ള കത്തും തൊഴിൽ കരാറും വ്യാജമായി നിര്‍മിച്ച് നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി പേർ ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടിട്ടുള്ളതായും പ്രതികൾ ഏകദേശം ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
ആഴിമല കടൽത്തീരത്ത് അത്ഭുതമായി ഗംഗാധരേശ്വര ശിവ രൂപം