ഭാര്യാ പിതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. പാരിപ്പള്ളി കടമ്പാട്ടുകോണം വിനീത് ഭവനിൽ വിപിൻ ആണ് (27) പിടിയിലായത്. സ്ഥിരംമദ്യപാനിയും ലഹരിക്ക് അടിമയുമായ പ്രതി ഭാര്യയുമായി വഴക്കുണ്ടാക്കുമായിരുന്നു. ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെ എഴിപ്പുറത്തുള്ള വീട്ടിൽ പിതാവിനോടൊപ്പം താമസിച്ചു വരുകയായിരുന്നു യുവതി.കഴിഞ്ഞമാസം 22ന് മദ്യലഹരിയിൽ വീട്ടിലെത്തിയ പ്രതി ഭാര്യയെ തന്നോടൊപ്പം അയക്കണമെന്ന് ആക്രോശിച്ച് ബഹളം ഉണ്ടാക്കി. ഭാര്യാപിതാവായ പ്രസാദ് അതിന് തയാറായില്ല. ഈ വിരോധത്തിൽ കൈയിൽ കരുതിയിരുന്ന മാരകായുധംകൊണ്ട് പ്രസാദിനെ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു.കഴുത്തിൽ കുത്താൻ ശ്രമിച്ചെങ്കിലും പ്രസാദ് പെട്ടെന്ന് ഒഴിഞ്ഞുമാറിയതുകൊണ്ട് വലതുകൈക്ക് കുത്തേറ്റു. പാരിപ്പള്ളി സബ് ഇൻസ്പെക്ടർമാരായ സുരേഷ്കുമാർ, സാബുലാൽ, എസ്.സി.പി.ഒ നൗഷാദ്, സി.പി.ഒ സജീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.