തിരുവനന്തപുരം: മദ്യസൽക്കാരത്തിനിടെ ഭാഗ്യവാന്റെ ദുരൂഹമരണം. 80 ലക്ഷം രൂപയുടെ ഭാഗ്യക്കുറി സമ്മാനാർഹൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു. പാങ്ങോട് സ്വദേശി സജി വിലാസത്തിൽ സജീവ് (35) ആണ് മരിച്ചത്. ശനിയാഴ്ച സുഹൃത്തിന്റെ വീട്ടിലാണ് മദ്യസൽക്കാരം നടന്നത്. ഇതിനിടെ ഉണ്ടായ തർക്കത്തിനിടെ സജീവിന് വീണു പരുക്കേറ്റിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ തിങ്കൾ വൈകുന്നേരത്തോടു കൂടിയായിരുന്നു മരണം.
മദ്യസൽക്കാരത്തിനിടയിൽ വീടിന്റെ മൺതിട്ടയിൽനിന്നു ദുരൂഹ സാഹചര്യത്തിൽ താഴേക്കു വീണു മരിക്കുകയായിരുന്നു. വീട്ടുമുറ്റത്തുനിന്ന് ഒരു മീറ്റർ താഴ്ചയിലുള്ള റബർ തോട്ടത്തിലേക്കു വീണ സജീവിന്റെ ശരീരത്തിന് തളർച്ചയും ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ആയിരുന്നു.ഇതേത്തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു. പോസ്റ്റ്‌മോർട്ടം നടത്തിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് അറിയിച്ചത്.
കഴിഞ്ഞ മാസം കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ ഇയാൾക്ക് സമ്മാനമായി ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം തുക ബാങ്കിലേക്ക് എത്തുകയും ചെയ്തു. ഒന്നാം തീയതി രാത്രി ഒൻപതുമണിക്ക് സുഹൃത്തായ പാങ്ങോട് ചന്തക്കുന്നിൽ വാടകയ്ക്കു താമസിക്കുന്ന രാജേന്ദ്രൻ പിള്ളയുടെ വീട്ടിൽ ഇവർ ഒരുമിച്ചുകൂടി മദ്യസൽക്കാരം നടത്തുകയായിരുന്നു.