കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു തങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തങ്ങളെ കുറിച്ച് പറഞ്ഞത് വെറുതെയല്ല.ലീഗിന്റെ കാവലും കരുത്തുമായ തങ്ങൾ എല്ലാവരെയും ഒരുപോലെ കണ്ടിരുന്ന വ്യക്തിത്വം ആയിരുന്നു.മതസൗഹാർദ്ദം നിലനിർത്തുന്നതിൽ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ എന്നും ശ്രദ്ധിച്ചിരുന്നു.
കേരളീയ രാഷ്ട്രീയ സാംസ്‌കാരിക മേഖലയില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടേത്. 13 വർഷത്തോളമായി തങ്ങള്‍ പാര്‍ട്ടിയെ നയിക്കുകയാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യയിലായിരുന്ന സംഘടനാ പ്രവർത്തനങ്ങളുടെ തുടക്കം. 1973 ൽ സമസ്തയുടെ വിദ്യാർഥി സംഘടനയായ എസ്എസ്എഫ് രൂപീകരിച്ചപ്പോൾ അതിന്റെ സ്ഥാപക പ്രസിഡന്റായി. 1979 വരെ പദവിയിൽ തുടർന്നു. 1983 ലാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാകുന്നത്. പിന്നീട് 25 വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാന നേതൃത്വത്തിലേക്കുമെത്തി.
ആയിരത്തിലധികം മഹല്ലുകളുടെ ഖാസി, പട്ടിക്കാട് ജാമിഅ നൂരിയ്യ അടക്കമുള്ള നൂറുകണക്കിന് മതഭൗതിക സ്ഥാപനങ്ങളുടെ പ്രസിഡന്റ്, അനാഥ അഗതി മന്ദിരങ്ങളുടെ അധ്യക്ഷന്‍, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങി ആത്മീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ നേതൃ ചുമതലകള്‍ വഹിച്ചു.
സമുദായ നേതാവ് എന്നതിനേക്കാൾ രാഷ്ട്രീയ – ആത്മീയ രംഗങ്ങളിൽ കരുത്തുറ്റ നേതൃത്വത്തെയാണ് കേരളീയ സമൂഹത്തിന് നഷ്ടമായത്. കേരളീയ നവോത്ഥാന രംഗത്തും വിദ്യാഭ്യാസ രംഗത്തും അനൽപമായ സംഭാവനകളർപ്പിച്ച നേതാവായിരുന്നു അദ്ദേഹം. മുസ്‌ലിം സമുദായത്തിന്റെ ഐക്യത്തിലും രാഷ്ട്രീയ മുന്നേറ്റങ്ങളിലും വിശാലതയോടു കൂടിയുള്ള നിലപാടുകൾ സ്വീകരിച്ച സൗമ്യമായ വ്യക്തിത്വം കൂടിയായിരുന്നു തങ്ങൾ.
2009 ൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്നാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്റെ പദവിയിലെത്തിയത് . പാണക്കാട് തങ്ങൾ കുടുംബം മുസ്ലിം ലീ ഗിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുക എന്ന കീഴ് വഴക്കമനുസരിച്ചായിരുന്നു ഇത്. 1990 മുതല്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻറായിരുന്നു. 19 വര്‍ഷം ഇതേ സ്ഥാനത്ത് തുടർന്നു.
മുസ്ലിം ലീഗ് ഉന്നതാധികാര സമതി അംഗവും രാഷ് ട്രീയകാര്യ സമിതി ചെയര്‍മാനുമായിരുന്നു. ഇതോടൊപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് , സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. മലപ്പുറം, വയനാട് , തൃശൂർ ജില്ല ഖാസി സ്ഥാനം അടക്കം ആയിരത്തോളം പള്ളി-മഹല്ലുകളുടെ ഖാസിയാണ് . 1994ല്‍ നെടിയിരുപ്പ് പോത്ത് വെട്ടിപ്പാറ മഹല്ല് ഖാസിയായാണ് തുടക്കം. സംസ്ഥാത്ത് തന്നെ ഏറ്റവും കൂടുതല്‍ മഹല്ലുകളുടെ ഖാസി സ്ഥാനം വഹിച്ച ഖ്യാതിയും ഹൈദരലി തങ്ങൾക്കാണ് .
1977ല്‍ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂര്‍ മഹല്ല് പള്ളിയുടെയും മദ്രസയുടെയും പ്രസിഡന്റായി തുടക്കം കുറിച്ച തങ്ങള്‍ ചെമ്മാട് ദാറുല്‍ ഹുദ, പട്ടിക്കാട് ജാമിഅ, കുണ്ടൂര്‍ മര്‍ക്കസ്, വളാഞ്ചേരി മര്‍ക്കസ്, കരുവാരകുണ്ട് ദാറുന്നജാത്ത് തുടങ്ങി എണ്ണം പറഞ്ഞ നിരവധി സ്ഥാപനങ്ങളുടെ പ്രസിഡന്റ് പദവിയും വഹിച്ചു. കേരളത്തിൽ ഏറ്റവും കൂടു തൽ മത, ഭൗതിക കലാലയങ്ങളുടെയും അനാഥശാലകളുടെയും അമരക്കാരനുമായി.
ചെറുപ്പത്തിലേ ഉമ്മ മരിച്ചതിനാൽ പിതൃസഹോദരി മുത്തു ബീവിയുടെ സംരക്ഷണത്തിലായിരുന്നു കുട്ടിക്കാലം. വീട്ടുകാർക്ക് അദ്ദേഹം ‘ആറ്റപ്പൂ’ ആയിരുന്നു. സ്വന്തക്കാര്‍ക്കും കുടുംബക്കാര്‍ക്കും നാട്ടുകാര്‍ക്കും ഇന്നും തങ്ങള്‍ ‘ആറ്റക്ക’യാണ്. പാണക്കാട് ദേവധാര്‍ എല്‍.പി സ്‌കൂളില്‍ പ്രാഥമിക പഠനം. കോഴിക്കോട് എം എം ഹൈസ്‌കൂളില്‍ 1959ല്‍ എസ്എസ്എല്‍സി പഠനം പൂര്‍ത്തിയാക്കി. തിരുനാവായക്കടുത്ത കോന്നല്ലൂരില്‍ മൂന്ന് വര്‍ഷം ദര്‍സ് പഠനം നടത്തി. ജീവിച്ചിരിക്കുന്ന പ്രമുഖ പണ്ഡിതന്‍ കാട്ടിപ്പരുത്തി കുഞ്ഞാലന്‍കുട്ടി മുസ്ലിയാരുടെ ശിക്ഷണത്തിലായിരുന്നു പഠനം.പൊന്നാനി മഊനത്തുല്‍ ഇസ് ലാം അറബി കോളജിലും അല്‍പകാലം പഠിച്ചിട്ടുണ്ട്. പിന്നീട് പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബി കോളജില്‍ ചേരുകയും 1974 ല്‍ മൗലവി ഫാസില്‍ ഫൈസി ബിരുദം കരസ്ഥമാക്കുകയും ചെയ്തു. സൂഫിവര്യനായ ചാപ്പനങ്ങാടി ബാപ്പു മുസ് ലിയാരുടെ കൈകളില്‍ നിന്നാണ് സനദ് ഏറ്റുവാങ്ങിയത് .
യശശ്ശരീരനായ ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ് ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ് ലിയാര്‍, കെ സി ജമാലുദ്ദീന്‍ മുസ് ലിയാര്‍ തുടങ്ങിയ പണ്ഠിത വര്യരായിരുന്നു ജാമിഅയിലെ ഉസ്താദുമാര്‍. 1973ല്‍ സമസ്ത എസ് എസ് എഫ് എന്ന വിദ്യാർഥി സംഘടനക്ക് രൂപം നൽകിയപ്പോൾ പ്രഥമ പ്രസിഡന്റായി.
ലീഗിന്റെ കാവലും കരുത്തുമാണ് വിടവാങ്ങിയത്. രാഷ്ട്രീയത്തിൽ സൗമ്യ സ്വാഭാവത്തിനുടമയായ തങ്ങൾക്ക് ആദരാഞ്ജലികൾ…
യുദ്ധം; കാരണവും അനന്തരഫലവും
https://www.facebook.com/varthatrivandrumonline/videos/1141350856613373