കോഴിക്കോട്: ജില്ലയില്‍ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം കാരണം ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. നിപ എന്ന് സംശയിക്കുന്നുണ്ട്. മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്രപരിചരണ വിഭാഗത്തിലാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു.
മരിച്ച വ്യക്തികളുടെ ശരീര സ്രവങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയ ശേഷമെ നിപയാണോ എന്നതിൽ സ്ഥിരീകരണം ലഭിക്കുകയുള്ളൂ. മരിച്ച രണ്ട് പേർക്കും നിപ ലക്ഷണങ്ങൾ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. മരിച്ച വ്യക്തികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.
നേരത്തെ രണ്ട് വട്ടം നിപ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ഇത് പ്രകാരമുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. ആരോഗ്യപ്രവർത്തകരും ബന്ധുക്കളുമടക്കം നിരീക്ഷണത്തിലാണ്.