ആറ്റിങ്ങലില്‍ കശാപ്പിനു കൊണ്ടുവന്ന കാള വിരണ്ടോടി കുത്തിമറിച്ചിട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറ്റിങ്ങൽ തോട്ടവാരം സ്വദേശി ബിന്ദുകുമാരി(57) മരിച്ചു. മൃതദേഹം തിരുവനന്തപുരം കോസ്‌മോ ആശുപത്രിയില്‍. അല്‍പ്പ സമയത്തിനകം മെഡിക്കല്‍കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റും.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. കുഴിമുക്കിൽനിന്നും ഓടിയ കാള കൊല്ലം പുഴ ഭാഗത്ത് എത്തിയപ്പോഴാണ് കാളയെ കീഴടക്കാനായത്. കാളയെ ആറ്റിങ്ങൽ മാർക്കറ്റിലെ അറവുശാലയിൽ കൊണ്ടുവന്നതായിരുന്നു. എന്നാൽ അവിടെനിന്നും റോഡിലൂടെ വിരണ്ടു ഓടിയ കാള വഴിയാത്രക്കാരിയായ ബിന്ദു കുമാരിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബിന്ദു കുമാരിയെ ഉടൻതന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു
ഓടിയ കാള പിന്നീട് കൊല്ലംപുഴ തിരുവാറാട്ടുകാവ് ക്ഷേത്ര മൈതാനത്ത് എത്തി. അവിടെ നിന്നും ആനപ്പാപ്പാന്റെയും ഫയർഫോഴ്സിന്റെയും സഹായത്തോടെ കാളയെ കുരുക്കിട്ട് പിടിച്ച് തിരികെ ആറ്റിങ്ങൽ മാർക്കറ്റിൽ എത്തിച്ചു. രണ്ടുമണിക്കൂറോളം കഴിഞ്ഞാണ് കാളയെ കീഴ്പ്പെടുത്തിയത്.