ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂർത്തിയായി. തലസ്ഥാന നഗരിയിലേക്ക് ഭക്തർ ഒഴുകിയെത്തി കൊണ്ടിരിക്കുകയാണ്.ഉച്ചയ്ക്ക് 1.15 നാണ് നിവേദ്യം. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ക്ലബുകളും റസിഡന്‍റ്സ് അസോസിയേഷനുകളും പൊങ്കലയർപ്പണത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകള്‍ നിരന്നിട്ടുണ്ട്. ഇന്നലെ ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ആരംഭിച്ചിട്ടുണ്ട്.
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്നതും അമിതമായ മാലിന്യ ഉല്‍പാദനത്തിന് കാരണവുമാകുന്ന ഉല്‍പന്നങ്ങള്‍ ഒഴിവാക്കുന്നതിനും പകരം സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ്, സ്റ്റീല്‍ പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിനും ഭക്തജനങ്ങളും അന്നദാനവും കുടിവെള്ളവും വിതരണം ചെയ്യുന്നവരും ശ്രദ്ധിക്കണമെന്നും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.