ന്യൂഡൽഹി: ബ്രിട്ടീഷുകാർ നിർമ്മിച്ച പഴയ പാർലമെന്റ് മന്ദിരത്തിന് പകരം സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾക്കിപ്പുറം ഇന്ത്യൻ ജനാധിപത്യത്തിന് പുതിയ ശ്രീകോവിൽ. ആധുനിക സൗകര്യങ്ങളുള്ള പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉച്ചയ്‌ക്ക് 12മണിക്ക് രാജ്യത്തിന് സമർപ്പിക്കും. ഇന്ത്യൻ ജനാധിപത്യം പിച്ചവച്ച് പക്വതയിലേക്ക് വളർന്ന പഴയ മന്ദിരം പൈതൃക പ്രൗഢിയുള്ള മ്യൂസിയമാക്കി മാറ്റും.
ഉദ്ഘാടനത്തിന് രാഷ്‌ട്രപതിയെ ക്ഷണിക്കാത്തതിന് പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്‌കരണ ഭീഷണിയിലും ചടങ്ങ് ചരിത്ര മുഹൂർത്തമാവും. അധികാരകൈമാറ്റത്തിന്റെ പ്രതീകമായി 1947 ആഗസ്റ്റ് 14ന് രാത്രി ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഏറ്റുവാങ്ങിയ ചെങ്കോൽ പുതിയ മന്ദിരത്തിൽ സ്‌പീക്കറുടെ ഇരിപ്പിടത്തിന് സമീപം പ്രധാനമന്ത്രി സ്ഥാപിക്കും. ചെങ്കോൽ നിർമ്മിച്ച തമിഴ്നാട് തഞ്ചാവൂർ തിരുവാടുതുറൈ അധീനത്തിലെ പുരോഹിതർ കാർമ്മികത്വം വഹിക്കും.
96 വർഷം പഴക്കമുള്ള പഴയ മന്ദിരത്തിന്റെ സ്ഥലപരിമിതിയും ബലക്ഷയവും മറ്റും കണക്കിലെടുത്ത് പുതിയ മന്ദിരം നിർമ്മിക്കാനുള്ള ചർച്ചകൾ 2010ൽ യു.പി.എ സർക്കാർ തുടങ്ങിയെങ്കിലും 2019ൽ മോദി സർക്കാർ സെൻട്രൽ വിസ്‌ത പദ്ധതിയിൽ അതു നടപ്പാക്കുകയായിരുന്നു. രാഷ്ട്രപതി ഭവനും, രാജ്പഥ്, സൗത്ത്-നോർത്ത് ബ്ളോക്കുകളും ഉൾപ്പെടുന്ന സെൻട്രൽ വിസ്‌തയിൽ ഉപരാഷ്‌ട്രപതി ഭവൻ, പ്രധാനമന്ത്രിയുടെ വസതി, കർത്തവ്യ പഥിന് ഇരുവശത്തുമായി മന്ത്രാലയങ്ങൾക്കുള്ള സെൻട്രൽ സെക്രട്ടേറിയറ്റ് മന്ദിരങ്ങൾ എന്നിവയാണ് ഇനി നിർമ്മിക്കാനുള്ളത്.
പുതിയ മന്ദിരം പ്രത്യേകതകൾ
- വൃത്താകൃതിയിലുള്ള പഴയ മന്ദിരത്തിനു മുന്നിൽ ത്രികോണാകൃതിയിൽ
- നാലു നിലകൾ (ഭൂമിക്കടിയിൽ ഒന്ന്, ഭൂനിരപ്പിൽ ഒന്ന്, മുകളിൽ രണ്ട് )
- വിസ്‌തൃതി: 64,500 ചതുരശ്രമീറ്റർ
- മൂന്ന് പ്രധാന കവാടങ്ങൾ – ജ്ഞാന ദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാർ
- സംയുക്ത സമ്മേളനത്തിന് എത്തുന്ന രാഷ്‌ട്രപതിക്കും ലോക്‌സഭാ സ്‌പീക്കർ, രാജ്യസഭാ ചെയർമാൻ എന്നിവർക്കും, എം.പിമാർക്കും പ്രത്യേക കവാടങ്ങൾ.
- പൊതുജനങ്ങൾക്ക് രണ്ടു കവാടങ്ങൾ
- സെൻട്രൽ ഹാളിന് പകരം സെൻട്രൽ ലോഞ്ച്
- ഒരു കോണിൽ 2000 ചതുരശ്രമീറ്റർ തുറന്ന മുറ്റത്ത് ദേശീയ വൃക്ഷമായ ആൽമരം
- മദ്ധ്യത്തിൽ കോൺസ്റ്റിറ്റ്യൂഷൻ ഹാൾ. ഇവിടെ ഭരണഘടന ഉൾപ്പെടെ ജനാധിപത്യ പ്രതീകങ്ങൾ പ്രദർശിപ്പിക്കും
- ഹരിത നിർമ്മാണത്തിനുള്ള ലോകത്തെ ഏറ്റവും ഉയർന്ന മാനദണ്ഡമായ പ്ലാറ്റിനം റേറ്റിംഗ് പാലിക്കുന്ന മന്ദിരം
ലോക്‌സഭ
- തീം മയിൽ
- 3015 ചതുരശ്ര മീറ്റർ
- 888 എം
- സംയുക്ത സമ്മേളനത്തിന് 1272 പേർക്കിരിക്കാം
- നിലവിലെ ലോക്‌സഭയിൽ 543 സീറ്റ്
രാജ്യസഭ
- തീം താമര
- 3220 ചതുരശ്ര മീറ്റർ
- 384 എം.പിമാർക്ക് ഇരിപ്പിടം
- നിലവിലെ രാജ്യസഭയിൽ 245 സീറ്റ്
ആധുനിക സൗകര്യങ്ങൾ
- സീറ്റുകളിൽ ബയോമെട്രിക് വോട്ടിംഗ്, ഡിജിറ്റൽ പരിഭാഷ, ഇലക്ട്രോണിക് പാനൽ
- ആധുനിക ദൃശ്യ, ശ്രാവ്യ ആശയവിനിമയ, ഡേറ്റാ നെറ്റ്‌വർക്ക്
- എം.പിമാർക്ക് ഡിജിറ്റൽ സൗകര്യങ്ങളും രണ്ട് സീറ്റുമുള്ള കാബിൻ