നെടുമങ്ങാട്: പഠന സമയത്ത് വിദ്യാർഥികളെ നവകേരള സദസ്സിൻ്റെ വിളംബര ജാഥയിൽ പങ്കെടുപ്പിച്ചതായി പരാതി. നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളെ ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിക്ക് ഫ്ലക്സും പിടിച്ച് ടൗണിലൂടെ വിളംബര ജാഥയ്ക്കായി നടത്തിക്കുകയായിരുന്നു.നല്ല വെയിലുള്ള സമയത്താണ് വിദ്യാർഥിനികൾ നടന്നത്.തുടർന്ന് ടൗൺചുറ്റി വരുന്ന സമയം മഴ പെയ്തപ്പോൾ കുട്ടികൾ മുഴുവൻ നനഞ്ഞതായും പരാതിയുണ്ട്.സ്കൂൾ പഠന സമയത്ത് പാഠ്യേതര വിഷയങ്ങളിലും, ജാഥകളിലും പങ്കെടുപ്പിക്കരുതെന്ന് സർക്കാർ ഉത്തരവ് നിലനിൽക്കുമ്പോഴാണ് ഈ നടപടി. ഇതിനുപുറമേ വിളംബര ജാഥയ്ക്കുശേഷം നെടുമങ്ങാട് ആലിൻ ചുവട്ടിലും കെ.എസ് ആർ.ടി.സി ബസ് സ്റ്റേഷനിലും നവകേരള സദസ്സിന്റെ ഫ്ലാഷ് മോബ് നടത്തിയതായും പരാതിയുണ്ട്. സ്കൂൾ വിദ്യാർഥികളെ നവ കേരള സദസ്സിന്റ പ്രചരണത്തിന് ഉപയോഗിക്കുവാനുള്ള നടപടിയിൽ നിന്ന് പിന്മാറണമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് താഹിർ നെടുമങ്ങാട് അധികാരികളോട് ആവശ്യപ്പെട്ടു.