ആറ്റുകാൽ: ആറ്റിലെ മീൻ പിടുത്തത്തിനിടയിലെ മരണം കൊലപാതകമെന്ന്, പ്രതികൾ പിടിയിൽ. ആറ്റിൽനിന്ന് മീൻ പിടിക്കുന്നതിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ സുഹൃത്തുക്കളായ അഞ്ചുപേരെ നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ആറ്റുകാൽ പാടശ്ശേരി സ്വദേശി കണ്ണൻ മരിച്ച സംഭവത്തിൽ പാടശ്ശേരി സ്വദേശി സുരേഷ് (52), ചിനു എന്ന കിരൺ (26), മക്കു എന്ന ശ്രീജിത്ത് (28), മധുസൂദനൻ (48), ഉണ്ണി എന്ന അഖിൽ ജയൻ (28) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ 28ന് വൈകീട്ടാണ് ആറ്റുകാൽ കീഴമ്പിൽ പാലത്തിന് സമീപം ആറ്റിൽനിന്ന് വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ കണ്ണന് ഷോക്കേറ്റത്. തുടർന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയവെ ആഗസ്റ്റ് ഒന്നിന് മരിച്ചു.
അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കണ്ണനെ പ്രതികൾ നിർബന്ധിച്ച് വീട്ടിൽനിന്ന് വിളിച്ചുകൊണ്ട് പോകുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രതികളിലൊരാളുടെ വീട്ടിലെ മീറ്റർ ബോർഡിൽനിന്ന് അനധികൃതമായി എടുത്ത വൈദ്യുതി കണക്ഷനാണ് മീൻ പിടിക്കാൻ ഉപയോഗിച്ചത്. മുളയിൽ ചുറ്റിയിരുന്ന ചെമ്പ് കമ്പിയിൽ വൈദ്യുതി കടത്തിവിട്ട് ആറ്റിലെ വെള്ളത്തിൽ ഇടുകയായിരുന്നു. തുടർന്ന് ചത്ത് പൊങ്ങുന്ന മീനുകളെ ശേഖരിക്കാൻ കണ്ണനെ ചുമതലപ്പെടുത്തി. കണ്ണൻ ചത്ത മീനുകളെ ശേഖരിക്കുന്നതിനിടെ സംഘത്തിലെ കിരൺ വൈദ്യുതി പ്രവഹിക്കുകയായിരുന്ന മുള ആറ്റിലേക്ക് ഇടുകയും കണ്ണന് വൈദ്യുതാഘാതമേൽക്കുകയുമായിരുന്നു. ഉച്ചക്ക് 2.30ന് നടന്ന സംഭവത്തിൽ കണ്ണനെ 6.30ഓടെയാണ് ഒപ്പമുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചത്. സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ വി. അജിത്തിന്റെ നിർദേശപ്രകാരം ഫോർട്ട് എ.സി.പി ഷാജിയുടെ നേതൃത്വത്തിൽ ഫോർട്ട് എസ്.എച്ച്.ഒ രാകേഷ്, എസ്.ഐമാരായ സന്തോഷ് കുമാർ, എൻ. ഉത്തമൻ, എ.എസ്.ഐ രതീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങലിൽ തരംഗമായി ബോച്ചേയും ഹണിറോസും
https://www.facebook.com/varthatrivandrumonline/videos/906028633729617