കല്ലമ്പലം: യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തുവാൻ ശ്രമം, ആത്മഹത്യ ശ്രമം നടത്തിയ പ്രതിയും ആശുപത്രിയിൽ. നാവായിക്കുളം വെള്ളൂർക്കോണം എസ്.ജെ.നിവാസിൽ ജാസ്മിനെ(39) ആണ് കൊലപ്പെടുത്തുവാൻ അമ്മാവനായ തമ്പി എന്നു വിളിക്കുന്ന മുഹമ്മദ് ഇസ്മയിൽ ശ്രമിച്ചത്. വിഷം കഴിച്ച ശേഷം അക്രമിക്കാൻ എത്തിയ തമ്പിയും ആശുപത്രിയിൽ ചികിത്സയിൽ ആണ്. വഴി തർക്കം ആണ് ആക്രമണത്തിന് കാരണം എന്ന് കല്ലമ്പലം പൊലീസ് പറഞ്ഞു. വർഷങ്ങളായി വഴി തർക്കത്തെ തുടർന്ന് ജാസ്മിന്റെ അമ്മയും തമ്പിയും തമ്മിൽ കേസ് നടക്കുകയാണ്. ജാസ്മിന്റെ പിതാവ് റഷീദ് നടത്തുന്ന കടയിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആണ് സംഭവം. പിതാവ് കേസ് സംബന്ധമായി കോടതിയിൽ പോയിരുന്നു. അതിനാൽ ജാസ്മിൻ ആണ് കടയിൽ ഉണ്ടായിരുന്നത്. ആ സമയത്താണ് അമ്മാവൻ ആയ തമ്പി കുപ്പിയിൽ പെട്രോളുമായി അവിടെ എത്തിയത്. തുടർന്ന് കടയിലും ജാസ്മിന്റെ ദേഹത്തേക്കും പെട്രോൾ ഒഴിച്ച ശേഷം തീ കൊലുത്തുകയായിരുന്നു. ദേഹത്ത് തീ പടർന്നതിനെ തുടർന്ന് കടയുടെ പുറത്തേക്ക് ഓടിയ ജാസ്മിൻ നിലത്ത് കിടന്ന് ഉരുണ്ടു. ഉടൻ തന്നെ നാട്ടുകാർ എത്തി തീ അണച്ച ശേഷം ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 50 ശതമാനംപൊള്ളലേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രതിയെ നാട്ടുകാർ തടഞ്ഞു വക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. അവശ നിലയിൽ ആയിരുന്ന പ്രതിയെയും ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നടന്ന പരിശോധനയിൽ ആണ് പ്രതി വിഷം കഴിച്ചു ആത്മഹത്യ ശ്രമം നടത്തിയ വിവരം അറിയുന്നത്.