ആറ്റിങ്ങൽ: മുദാക്കലിൽ പ്രസിഡൻ്റിന് എതിരെ അവിശ്വാസ പ്രമേയ നോട്ടീസ്. കോൺഗ്രസും ബി.ജെ.പിയും ആണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. കോൺഗ്രസിന്റെ അവിശ്വാസപ്രമേയത്തിൽ സി.പി.ഐയും ഒപ്പിട്ടു. സി.പി.ഐ പ്രതിനിധി പള്ളിയറ ശശി, നിലവിലെ വൈസ് പ്രസിഡൻ്റ് ശ്രീജ എന്നിവരും പ്രസിഡൻ്റിന് എതിരായ അവിശ്വാസത്തിൽ ഒപ്പിട്ടിട്ടുണ്ട്. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജി വെക്കുകയും പ്രസിഡൻ്റ് സ്ഥാനത്തിന് സമ്മർദ്ദം ശക്തമാക്കി പ്രതിഷേധ പാതയിൽ എത്തിയതോടെ ആണ് പ്രതിപക്ഷ കക്ഷികൾ നോട്ടീസ് നൽകിയത്. ഇതോടെ പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലേക്ക് മാറി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള എൽ.ഡി.എഫ് ചർച്ചയിൽ പഞ്ചായത്തിൽ പ്രസിഡൻ്റ് സ്ഥാനം പങ്കിടുവാൻ സി.പി.എം സി.പി.ഐ ഉഭയകക്ഷി ചർച്ചയിൽ തീരുമാനിച്ചിരുന്നു ഇതിന്റെ തുടർച്ചയായാണ് ആദ്യഘട്ടത്തിൽ പഞ്ചായത്ത് സ്ഥാനം സി.പി.എമ്മിന് ലഭിച്ചത് എന്നാൽ സി.പി.ഐക്ക് അവസരം നൽകുവാൻ സി.പി.എം തയ്യാറായില്ല. ഇതോടെയാണ് ഭരണ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പള്ളിയറ ശശി നേരത്തെ സ്റ്റാൻഡിങ് കമ്മിറ്റി രാജി വെച്ചിരുന്നു. പ്രസിഡന്റ പദം ഒഴിഞ്ഞു കൊടുക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.ഐ കഴിഞ്ഞ മാസം മുന്നണി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. ഇതിന് ശേഷവും പ്രസിഡൻ്റ് മാറ്റം ചർച്ച ചെയ്യുവാൻ സി.പി.എം തയ്യാറായില്ല. നിലവിൽ പഞ്ചായത്ത് കമ്മിറ്റിയിൽ ബി.ജെ.പി 7, കോൺഗ്രസ് 5, സി.പി.എം 4, സി.പി.ഐ 2, സ്വതന്ത്രൻ 2 എന്നതാണ് കക്ഷി നില. ഇതിൽ സ്വതന്ത്രരുടെ കൂടെ പിന്തുണയിൽ ആണ് എൽ.ഡി.എഫ് ഭരണത്തിൽ തുടരുന്നത്. സ്വതന്ത്രയാണ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്. നിലവിലെ വൈസ് പ്രസിഡൻ്റ് ഉൾപെടെ പ്രസിഡൻ്റിന് എതിരായി രംഗത്ത് ഉണ്ട്.