സംവിധായകൻ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ക്രൈം ത്രില്ലർ മൂവിയാണ് അഞ്ചാം പാതിര എന്ന ചിത്രം. പേര് സൂചിപ്പിക്കുന്നത് പോലെ അഞ്ച് പാതിരാവിൽ നടക്കുന്ന അതിക്രൂരമായ അഞ്ച് കൊലപാതകങ്ങൾ നടത്തുന്ന സൈക്കോയായ പരമ്പര കൊലയാളിയുടെയും അയാളെ തേടിയെത്തുന്ന ക്രിമിനോളജിസ്റ്റിന്റെയും കഥയാണ് ചിത്രം പറയുന്നത്.
സൈക്കോളിജസ്റ്റ് കൂടിയായ ക്രിമിനോളജിസ്റ്റിന്റെ വേഷത്തിലേക്കുള്ള കുഞ്ചാക്കോ ബോബന്റെ മാറ്റം സിനിമയിലുടനീളം പ്രകടമാണ്. അൻവർ ഹുസൈൻ എന്ന കഥാപാത്രമായി അദ്ദേഹം പൂർണമായി മാറുന്നുണ്ട്. ശ്രദ്ധേയമായ മറ്റൊരു പ്രകടനം മലയാളത്തിലെ തന്നെ മറ്റൊരു യുവനടന്റേതാണ്. വളരെ തന്മയത്വത്തോടെയാണ് അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം രമ്യ നമ്പീശൻ കുഞ്ചാക്കോയുടെ ഭാര്യാവേഷത്തിലൂടെ മലയാളത്തിൽ തിരിച്ചെത്തുന്നുണ്ട്. റിപ്പർ രവിയുടെ വേഷത്തിലെത്തുന്ന ഇന്ദ്രൻസ്, വളരെ കുറച്ച് സമയം മാത്രമെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും 14 കൊലാപതകങ്ങൾ ചെയ്തിട്ടും നിസംഗനായി നിൽക്കുന്ന വ്യക്തിയുടെ പ്രതീകമായി മാറുന്നുണ്ട്. ശ്രീനാഥ് ഭാസി, ജിനു ജേക്കബ്, സുധീഷ്, ഹരികൃഷ്ണൻ, ജാഫർ ഇടുക്കി, ഷറഫുദീൻ, അഭിരാം, മാത്യു, അസീം ജമാൽ, ദിവ്യ ഗോപിനാഥ്, നന്ദന വർമ്മ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ആഷിക്ക് ഉസ്‌മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദാണ് നിർവഹിച്ചിരിക്കുന്നത്.