തിരുവനന്തപുരം: അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂര്‍ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായ ഡിസംബര്‍ 12ന് വാര്‍ഡിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ ഇന്‍ ചാര്‍ജ് അനില്‍ ജോസ് ആണ് മണമ്പൂർ വാർഡിന് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. പോളിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 11, 12 തീയതികളിലും, വോട്ടെണ്ണല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 13നും പ്രാദേശിക അവധി ആയിരിക്കും എന്ന് അനിൽ ജോസ് അറിയിച്ചു.
ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മണമ്പൂര്‍, ചെറിയകൊണ്ണി, അരുവിക്കര വാര്‍ഡുകളില്‍ സമ്പൂര്‍ണ മദ്യനിരോധനവും ഏര്‍പ്പെടുത്തി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണമ്പൂര്‍ വാര്‍ഡിലും പോളിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന ചെറിയകൊണ്ണി വാര്‍ഡിലും വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ട് മുന്‍പുള്ള 48 മണിക്കൂര്‍ സമയത്തേക്കും, വോട്ടെണ്ണല്‍ കേന്ദ്രം സ്ഥിതി ചെയ്യുന്ന അരുവിക്കര വാര്‍ഡില്‍ വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13നും സമ്പൂര്‍ണ മദ്യ നിരോധനമായിരിക്കും.
സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്കാണ് ഡിസംബര്‍ 12ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 13ന് രാവിലെ 10 മണി മുതലാണ് വോട്ടെണ്ണല്‍. 33 വാര്‍ഡുകളിലായി നാല് പ്രവാസി വോട്ടര്‍മാര്‍ ഉള്‍പ്പെടെ ആകെ 1,43,345 വോട്ടര്‍മാരുണ്ട്. 67,764 പുരുഷന്മാരും 75,581 സ്ത്രീകളും അതില്‍ ഉള്‍പ്പെടും. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ രാജിയോ മരണമോ അയോഗ്യതയോ മൂലമുണ്ടായ ഒഴിവ് നികത്തുന്നതിനാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡിലും അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലും ഇരുപത്തിനാല് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെടുപ്പിനായി ആകെ 192 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കും.