കഴിഞ്ഞ ഒരു വർഷം കൊണ്ട് 50 ഏക്കർ തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കി രണ്ടു തവണ കൃഷിയിറക്കി ശ്രദ്ധേയമായ നേട്ടം കൈവരിച്ച മുദാക്കൽ പഞ്ചായത്തിലെ ഇടയ്ക്കോട്,പിരപ്പമൺകാട് പാടശേഖരത്തിൽ ആവേശകരമായ നടീൽ ഉത്സവം നടന്നു.
തരിശുനിലങ്ങൾ വീണ്ടെടുക്കുന്ന പ്രവർത്തനത്തിൽ ഒരു പടി കൂടി മുന്നേറി 60 ഏക്കറിൽ ഇത്തവണ കൃഷി ഇറക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. പൊതു ഞാറ്റടിയിൽ വിത്ത് മുളപ്പിച്ച് കർഷകർക്ക് ഞാറ് ലഭ്യമാക്കുന്ന വേറിട്ട പ്രവർത്തനമാണ് കൂടുതൽ കർഷകരെ നെൽകൃഷിയിലേക്ക് ആകർഷിക്കുന്നതിന്റെ മുഖ്യകാരണം. മുദാക്കൽ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷൈനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പിസി ജയശ്രീ ഉദ്ഘാടനം ചെയ്തു. ഞാറുനടിലിന്റെ ഉദ്ഘാടനം പ്രശസ്ത നാടക സിനിമ താരം അമൽ രാജദേവ് നിർവഹിച്ചു.മുദാക്കൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ , കൃഷി ഓഫീസർ ജാസ്മി, ഉപദേശക സമിതി അംഗങ്ങളായ രാജീവ്, ശരൺകുമാർ, വിജു കോരാണി, അഡ്വ ദിലീപ്, ശ്രീധരൻ നായർ, പാടശേഖരസമിതി സെക്രട്ടറി അൻഫാർ, സൗഹൃദ സംഘം ചെയർമാൻ രതീഷ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു.റിസപ്ഷൻ കമ്മിറ്റി ചെയർമാൻ അനിൽകുമാർ സ്വാഗതവും പാടശേഖര സമിതി ട്രഷറർ രാജേന്ദ്രൻ നായർ നന്ദിയും പറഞ്ഞു.