വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന മൂവായിരത്തോളം പേർക്കെതിരെ കേസെടുത്തു. ലഹളയുണ്ടാക്കൽ, പൊലീസ് സ്റ്റേഷൻ ആക്രമണം, വധശ്രമം, പൊലീസുകാരെ തടഞ്ഞു വെയ്ക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ,പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വിഴിഞ്ഞത്ത് ഇന്ന് സമാധാന ചർച്ച നടത്തും. രാവിലെ സർവകക്ഷി യോഗം ചേരും. യോഗത്തിൽ മന്ത്രിമാർ പങ്കെടുത്തേക്കും. വിഴിഞ്ഞത് രാവിലെ 8.30ന് തീരവാസികളുമായ് 10.30ന് അതിരൂപത പ്രതിനിധികളുമായും തുടർന്ന് കളക്ടറുമായും ചർച്ച നടത്തും.
സംഘർഷത്തിന് പിന്നാലെ വിഴിഞ്ഞത്ത് വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് ജില്ലകളിൽ നിന്നായി ആയിരത്തിലധികം പൊലീസുകാരെ വിന്യസിക്കുമെന്ന് എഡിജിപി എം ആർ അജിത് കുമാർ അറിയിച്ചു. പ്രദേശത്തെ ക്രമസമാധാന പാലനത്തിന് കൂടുതൽ എസ്പിമാരേയും ഡിവൈഎസ്പിമാരേയും നിയോഗിച്ചു. സമരക്കാരുടെ ആക്രമണത്തിൽ 36 പൊലീസുകാർക്കാണ് പരുക്കേറ്റത്.
സംഘർഷത്തിൽ പരുക്കേറ്റ എസ്ഐ ഉൾപ്പെടെ 18 പൊലീസുകാരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കാലൊടിഞ്ഞ എസ് ഐ ലിജോ പി മണിയെ എസ്പി ഫോർട്ട് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരുക്കേറ്റവരെ മെഡിക്കൽ കോളജുൾപ്പെടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. പൊലീസ് സ്റ്റേഷൻ അടിച്ചുതകർത്ത സമരക്കാർ എസ്എച്ച്ഒ ഉൾപ്പെടെയുള്ളവരെ തടഞ്ഞുവച്ചു. പൊലീസ് വാഹനങ്ങളും വയർലെസ് ഉൾപ്പെടെയുള്ള ഉപകരണങ്ങളും സമരക്കാർ തകർത്തു.
ആക്രമണത്തിൽ വിഴിഞ്ഞം എസ്ഐയുടെ കാലിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കല്ലുകൊണ്ട് ഇടിച്ചതാണ് പരുക്കിന് കാരണമെന്ന് എം ആർ അജിത് കുമാർ അറിയിച്ചു. പ്രകോപനമുണ്ടായാൽ കർശന നിയമനടപടിയുണ്ടാകുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നൽകുന്നത്. നിലവിൽ സ്ഥിതിഗതികൾ താരതമ്യേനെ നിയന്ത്രണവിധേയമാണെന്നും എഡിജിപി വ്യക്തമാക്കി.
പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രകോപനവും ഉണ്ടാകാതെയായിരുന്നു ആക്രമണമെന്ന് എഡിജിപി എം ആർ അജിത് കുമാർ ട്വന്റിഫോറിനോട് പറഞ്ഞു. നിലവിൽ 500ലധികം പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. ഇരുപതിൽ അധികം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുണ്ട്. അധികമായി 300 പൊലീസുകാരെ ഇപ്പോൾ നിയോഗിച്ചു. തുടർ നടപടി സ്വീകരിക്കാൻ കമ്മീഷണറെ ചുമതലപ്പെടുത്തി. പൊലീസ് ക്രമസമാധാനം നിലനിർത്താനുള്ള ശ്രമത്തിലാണ്. എഡിജിപി എം ആർ അജിത് കുമാർ പറഞ്ഞു.
തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
https://www.facebook.com/varthatrivandrumonline/videos/716913406086020