വായനക്കാരന്റെ മനസ്സിൽ പെയ്തൊഴിയാതെ രാത്രിമഴ
ആറന്മുളയിലെ വഴുവേലി വീട്ടിൽനിന്നും കവിതയുടെ മായാ പ്രപഞ്ചം തീർത്ത പ്രിയങ്കരി… കാലങ്ങളൾക്കപ്പുറം മലയാള കാവ്യ സമ്പത്തിനെ തഴുകി ഉണർത്തിയ പ്രിയ എഴുത്തുകാരി… സുഗതകുമാരി ടീച്ചർ. 1934 ജനുവരി 22 ന് ജനനം കൊണ്ട ആ കവിഹൃദയം ഇനി ഓർമ്മകളുടെ ലോകത്തിലെ രാജ്ഞിയായി മാറും…
ഒരു കാലഘട്ടത്തിലെ സ്ത്രീ വിമോചന ചിന്തകളുടെ സജീവ പ്രവർത്തകയായി മാറിയ സുഗതകുമാരി ടീച്ചർ കവിതാ ലോകത്തെ അമ്മയായിരുന്നു. ചിന്തകൾക്കുമപ്പുറം പദ സമ്പത്തിനാൽ വായനക്കാരനെ “രാത്രിമഴ” നനയിച്ച ആ പാട്ടുകാരി അത്ര പെട്ടെന്നൊന്നും നമ്മുടെ മനസ്സിൽ നിന്നും മാഞ്ഞു പോകില്ല.
[fb_plugin video href=”https://www.facebook.com/107537280788553/videos/781330522594491″ ]
കവിതയെന്ന മായാ ലോകത്ത് മാത്രം ഒതുങ്ങിനിന്ന ആളായിരുന്നില്ല ടീച്ചർ. ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീകളെ സംരക്ഷിക്കുന്നതിനായി ‘അഭയ’ എന്ന സ്ഥാപനം ആരംഭിക്കുകയും നേതൃത്വം നൽകുകയും ചെയ്തു. കവിതയുടെ മാത്രം അമ്മയെ ആയിരുന്നില്ല സുഗതകുമാരി ടീച്ചർ, മറിച്ച് അഭയയിലെ ഒരുകൂട്ടം സ്ത്രീകളുടെ അമ്മ കൂടിയായിരുന്നു എന്നും കാണാം.
കേരളത്തിലെ പ്രകൃതി ചൂഷണങ്ങൾക്കെതിരെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും കവിത കൊണ്ടും നേരിട്ട വനിത. സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ, സൈലന്റ് വാലി സംരക്ഷണ പ്രക്ഷോഭ നേതൃത്വത്തിൽ അഭിമാന പങ്കുവഹിച്ച വ്യക്തി അങ്ങനെ അങ്ങനെ സുഗതകുമാരി ടീച്ചർ എന്ന കവിയത്രി നടന്നുകയറിയത് അനേകം മേഖലകളിലേക്ക് കൂടിയാണ്.
[fb_plugin video href=”https://www.facebook.com/107537280788553/videos/432252817806327″ ]
1950 ഇൽ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച “മുത്തുച്ചിപ്പി” എന്ന കവിതാസമാഹാരമാണ് സുഗതകുമാരിയുടെ ആദ്യത്തെ കവിതാ സമാഹാരം. പിന്നീടങ്ങോട്ട് “അമ്പല മണി”മുഴക്കി “പാതിരാപൂക്കൾ” വിരിച്ച് “കുറിഞ്ഞിപ്പൂക്കൾ” നുള്ളി “അഭിസാരികയും ദേവദാസി”യും ” “തുലാവർഷപ്പച്ച” യിലൂടെ “രാത്രിമഴ” തീർത്തത് മലയാളി ഒരിക്കലും മറക്കുകയില്ല. മേൽപ്പറഞ്ഞവ അല്ലാതെ മലയാളസാഹിത്യത്തിൽ ധാരാളം കൃതികൾ ആ തൂലികയിൽ നിന്നും ജന്മം കൊണ്ടിരിക്കുന്നു.
“സ്ത്രീക്കും പരിസ്ഥിതിക്കും വേണ്ടി സംസാരിച്ച് ആ യുദ്ധത്തിൽ തോറ്റ് പോയ ഒരു പോരാളി ആയി മാറി താനെ”ന്ന് ടീച്ചർ സ്വയം വിശേഷിപ്പിക്കാറുണ്ട്. കവിതയേയും പരിസ്ഥിതിയെയും മനുഷ്യരെയും ഒരുപോലെ കണ്ട കവയത്രി കൂടിയായിരുന്നു ടീച്ചർ. ” ഒന്നും വേണ്ടാതായി കഴിയുമ്പോൾ ആണല്ലോ നമുക്ക് പണ്ടൊരിക്കൽ മോഹിച്ചത് എല്ലാം കിട്ടുക, കിട്ടുമെന്ന് ആവുമ്പോൾ അതിന്റെ വില കെടുന്നു.., അല്ലെങ്കിലും കാലം കെടുത്താത്ത തീ ഏതുണ്ട്”… ടീച്ചറിന്റെ ഈ വാക്കുകൾ കാലാതീതമായി വായനക്കാരന്റെയും മനുഷ്യന്റെയും ഹൃത്തടത്തിൽ എന്നും നിറഞ്ഞുനിൽക്കും…
മഴയും വെയിലും കാറ്റും പോലെ പ്രകൃതിയോട് അലിഞ്ഞു നിന്ന കവിയത്രി.. കാല്പനികതയിലും ആധുനികതയിലും വരികളുടെ വസന്തം തീർത്ത പ്രിയ ടീച്ചർ… ദേഹം മാത്രമേ വിട പറയുന്നുള്ളൂ… ദേഹി നമ്മുടെ മനസ്സിലും ഹൃദയത്തിലും വരികളിലെ മനോഹരിയായി നിറഞ്ഞു നിൽക്കും…
” രാത്രി മഴ പെയ്തൊഴിഞ്ഞു പക്ഷേ കവിതയിലെ രാത്രി മഴ വായനക്കാരുടെ മനസ്സിൽ അമരത്വമായി നിലനിൽക്കും”.
-കുഞ്ചു മുരളി –