വെഞ്ഞാറമൂട് : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കഗാന്ധി തലസ്ഥാനത്തെത്തി. രാവിലെ കൊല്ലം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പ്രചരണത്തിന് ശേഷം വൈകിട്ട് 5 മണിയോട്കൂടിയാണ് അഞ്ച് മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വെഞ്ഞാറമൂട്ടിൽ എത്തിയത്.
കേരളം ഏറെ ചർച്ച ചെയ്ത വാളയാർ കേസിലും ഇടതുപക്ഷത്തിന്റെ അക്രമരാഷ്ട്രീയത്തിലും ആഴക്കടൽ മത്സ്യബന്ധന വിവാദത്തിലും സർക്കാരിനെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് പ്രിയങ്ക ഗാന്ധി തന്റെ പ്രസംഗം ആരംഭിച്ചത്.
സ്ഥാനാർത്ഥികൾ ആയ ഏ. ശ്രീധരൻ, ബിആർഎം ഷഫീർ, ബിഎസ് അനൂപ്, പി എസ് പ്രശാന്ത്, ആനാട് ജയൻ എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായിട്ടാണ് പ്രിയങ്ക ഗാന്ധി വെഞ്ഞാറമൂട്ടിൽ എത്തിയത്.
പതിനായിരക്കണക്കിന് ആൾക്കാരാണ് വെഞ്ഞാറമൂട് മാണിക്കോട് ഗ്രൗണ്ടിൽ അണിനിരന്നത്. പ്രവർത്തകർക്കും സ്ഥാനാർഥികൾക്കും നേതാക്കന്മാർക്കും ഒരുപോലെ ആവേശം ഉണർത്തുന്നതായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം. പ്രസംഗം തർജ്ജമ ചെയ്തത് ജ്യോതി വിജയകുമാർ ആണ്. ആറ്റിങ്ങൽ എംപി അടൂർപ്രകാശ്, കോൺഗ്രസ് നേതാക്കളായ പാലോട് രവി,രമണി പി നായർ, ശരത്ചന്ദ്രപ്രസാദ് മറ്റ് കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു.