പെട്രോളും ഡീസലും ചരക്ക് സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരേണ്ടതില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചതായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. കേരള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പെട്രോളിയം ഉല്‍പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനുള്ള നിര്‍ദ്ദേശം കൗണ്‍സിലിന് മുന്നില്‍ വന്നെങ്കിലും സംസ്ഥാനങ്ങള്‍ ഈ പ്രമേയം നിരസിച്ചതായി ജിഎസ്ടി കൗണ്‍സില്‍ വ്യക്തമാക്കി . ഇത് സംബന്ധിച്ച് കൗണ്‍സില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തീരുമാനിച്ചു. നിലവില്‍, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, ഡീസല്‍, പെട്രോള്‍, വ്യോമയാന ഇന്ധനം എന്നിവ ജിഎസ്ടി പരിധിക്കു പുറത്താണ്.
കോവിഡ് മരുന്നുകള്‍ക്ക് ഏര്‍പ്പെടുത്തിയ ജി എസ് ടി യുടെ കുറഞ്ഞ നിരക്ക് ഡിസംബര്‍ 31 വരെ നീട്ടിയതായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ലക്നൗവില്‍ നടന്ന ജിഎസ്ടി കൗണ്‍സിലിന്റെ 45 -ാമത് സമ്മേളനത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. വളരെ ചെലവേറിയ സോള്‍ജെന്‍സ്മ, വില്‍ടെപ്‌സോ എന്നീ രണ്ട് ജീവന്‍രക്ഷാ മരുന്നുകള്‍ക്കും ജിഎസ്ടിയില്‍ നിന്ന് ഇളവ് നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു . ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ച ചില മരുന്നുകളും ഒഴിവാക്കിയിട്ടുണ്ട്. കാന്‍സര്‍ സംബന്ധമായ മരുന്നുകളുടെയും മറ്റ് ഏഴ് മരുന്നുകളുടെയും ജിഎസ്ടി 12 ല്‍ നിന്ന് 5 ശതമാനമായി കൗണ്‍സില്‍ കുറച്ചു. ബയോ ഡീസലിന്റെ ജിഎസ്ടി 12 ല്‍ നിന്ന് 5 ശതമാനമായി കുറച്ചു. അംഗപരിമിതരുടെ വാഹനങ്ങള്‍ക്കുള്ള റെട്രോ ഫിറ്റ്‌മെന്റ് കിറ്റുകളുടെ ജിഎസ്ടി 5 ശതമാനമായി കുറച്ചു. സമ്പുഷ്ടീകരിച്ച അരിയുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചു. ഇരട്ട നികുതി ഒഴിവാക്കുന്നതിനു വിമാനമോ മറ്റ് സാധനങ്ങളോ പാട്ട വ്യവസ്ഥയില്‍ ഇറക്കുമതി ചെയ്യുന്നതിനു തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. നിര്‍ദ്ദിഷ്ട പുനരുപയോഗ ഊര്‍ജ്ജ ഉപകരണങ്ങളില്‍ 12 ശതമാനം ജിഎസ്ടി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ചരക്ക് നീക്കങ്ങള്‍ക്കു സംസ്ഥാനങ്ങള്‍ ഈടാക്കുന്ന ദേശീയ പെര്‍മിറ്റ് ഫീസും കൗണ്‍സില്‍ ഒഴിവാക്കി. ജി എസ് ടി സംബന്ധിച്ചുള്ള വിവിധ വിഷയങ്ങള്‍ പഠിച്ചു രണ്ടു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിതലത്തില്‍ രണ്ടു സംഘങ്ങള്‍ രൂപീകരിക്കാനും കൗണ്‍സില്‍ തീരുമാനിച്ചതായി ശ്രീമതി സീതാരാമന്‍ പറഞ്ഞു.