കാസര്‍ഗോഡ് ഉളിയടുക്ക ജയ്മാത സ്കൂളില്‍ നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനി ഫോട്ടോ എടുക്കാന്‍ മറന്നു. പരീക്ഷാകവാടത്തില്‍ നീറ്റ് മാനദണ്ഡങ്ങള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ കുട്ടിയുടെ കാതിലെ കമ്മല്‍ ഊരിമാറ്റാന്‍ ആവശ്യപ്പെട്ടു. വേഗത്തില്‍ കമ്മല്‍ ഊരുന്നതിനിടെ കാതില്‍ നിന്നു ചോരപൊടിഞ്ഞതിനാല്‍ കുട്ടിയെ ആശ്വസിപ്പിച്ച് അകത്തേയ്ക്കയച്ചു. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയപ്പോഴാണ് ഫോട്ടോ ഇല്ലെന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. നപടിക്രമങ്ങൾ പൂർത്തിയായതിനാൽ കുട്ടിയെ ഗേറ്റിന് പുറത്തേയ്ക്ക് പോകാന്‍ അധികൃതര്‍ അനുവദിച്ചില്ല.
കൂട്ടുകാർക്കൊപ്പം എത്തിയതിനാല്‍ കുട്ടിയുടെ ബന്ധുക്കൾ ആരുംതന്നെ സ്കൂള്‍ പരിസരത്ത് ഇല്ലായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ നിസ്സഹായത മനസിലാക്കിയ കാസര്‍ഗോഡ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥയായ സബിത.എം ഉടനടി കുട്ടിയില്‍ നിന്നു ഫോട്ടോ പതിപ്പിച്ച ഹാള്‍ടിക്കറ്റ് വാങ്ങി. കണ്‍ട്രോള്‍ റൂം വാഹനത്തില്‍ ഹാള്‍ടിക്കറ്റുമായി ഉളിയടുക്കയിലെ സ്റ്റുഡിയോയിലേയ്ക്ക് പാഞ്ഞു. ഹാള്‍ടിക്കറ്റിലെ ഫോട്ടോ സ്കാന്‍ ചെയ്ത് പകർപ്പെടുത്ത് തിരികെ സ്കൂളിലെത്തി വിദ്യാര്‍ത്ഥിനിക്ക് ഫോട്ടോ കൈമാറി. എല്ലാത്തിനും കൂടി എടുത്തത് വെറും പത്ത് മിനിറ്റ്.
പരീക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷനിലെ ശ്രീജിത്ത് കാവുങ്കല്‍, സബിത, ആല്‍ഫ കണ്‍ട്രോള്‍ റൂം വാഹനത്തിലെ പി.ജഗദീഷ് എന്നീ പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് വിദ്യാര്‍ത്ഥിനിക്ക് തുണയായത്.