കാലങ്ങൾ താണ്ടി നീങ്ങുന്ന “കാലം”
“സ്വാർത്ഥമേ നിന്റെ പേരോ സേതു!” ഗേൾഫ്രണ്ട് കോളേജിലെത്തിയാൽ ആളുമാറിപ്പോകുമോ എന്ന പേടികൊണ്ട് അവൾ പാസ്സാകാതിരിക്കണമേ എന്ന് പ്രാർത്ഥിച്ച സേതുവിനെ നോക്കി സുഹൃത്ത് കൃഷ്ണൻ കുട്ടി കളിയാക്കി ഇപ്രകാരം പറഞ്ഞു.
സേതുവിന്റെയും സുമിത്രയുടെയും ജീവിതത്തെ വായനക്കാരന്റെ ഹൃദയത്തിലേക്ക് എത്തിച്ച എഴുത്തുകാരൻ എം. ടി. വാസുദേവൻനായർ. മുന്നൂറിലധികം പേജുകളിലായി എം. ടി കാലത്തെ കുറിച്ചിട്ടു. കാലത്തിന്റെ മറുകര തേടുന്ന മനുഷ്യനെ എം. ടി. ഈ നോവലിലൂടെ നമുക്ക് കാട്ടിത്തന്നു.
1969നാണ് എം. ടി യുടെ ആറാമത്തെ നോവലായ കാലം ജന്മം കൊള്ളുന്നത്. കഥാനായകനായ സേതുവിന്റെ പതിനഞ്ചു മുതൽ മുപ്പത് വയസ്സ് വരെയുള്ള കാലമാണ് എഴുത്തുകാരൻ ഈ നോവലിലൂടെ വരച്ചിട്ടത്.
മലയാളത്തിൽ മറ്റ് എഴുത്തുകാർക്ക് അധികമായി കൈവന്നിട്ടില്ലാത്ത ഒരു സിദ്ധി എം. ടി ക്ക് ഉണ്ട്. മറ്റൊന്നുമല്ല വായനക്കാരനെ തന്റെ വരികൾക്കൊപ്പം നടത്താനുള്ള കഴിവ്. ഒരൊറ്റ വാക്ക് കൊണ്ടോ സന്ദർഭം കൊണ്ടോ വായനക്കാരനെ തന്റെ ഒപ്പം എത്തിക്കാൻ എം. ടി ക്ക് സാധിക്കും. “കാല”വും വായിക്കപ്പെടുന്നത് അത്തരമൊരു അനുഭൂതിയിൽ നിന്നുകൊണ്ടാണ്.
കാൽപ്പനികതയുടെ അടിസ്ഥാനമായ തന്മയീഭാവം മലയാള സാഹിത്യം ഏറ്റവും കൂടുതൽ ഉൾക്കൊണ്ടത് എം. ടി യിലാണ്. ഒട്ടനവധി തലമുറകൾ കാലത്തിന്റെ നായകനായ സേതുവിൽ അവനവനെ തന്നെ കണ്ടെത്തി. സുമിത്രയെയും തങ്കമണിയേയും അറിയുകയും ആരാധിക്കുകയും ചെയ്തു. മിസ്സിസ് മേനോനെ നാം ഒരേ സന്ദർഭത്തിൽ സഹതാപത്തോടെയും അസൂയയോടെയും നോക്കി. അതുകൊണ്ട് തന്നെ കാലം എന്നും ഒരു പ്രഹേളികയാണ്. മനസിലാക്കാൻ ശ്രമിക്കുംതോറും വഴുതിപ്പോകുന്ന സങ്കൽപ്പവും.
കാലം ജന്മം കൊണ്ടിട്ട് അര നൂറ്റാണ്ട് പിന്നിടുമ്പോൾ മാറിയ കാലത്ത് സേതു ഇന്നും ജീവിക്കുന്നു. സേതുവിന്റെ വൃദ്ധിക്ഷയങ്ങൾ ഒരു പുഴയുടെ ഉയർച്ചതാഴ്ചകളിലൂടെ പകർത്താൻ എഴുത്തുകാരൻ ശ്രമിച്ചു.
കാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ ജീവിതേതിഹാസമാണ് ഈ നോവൽ. എല്ലാത്തിനും അവസാനം അയാൾക്ക് കൂട്ടായി സ്വന്തം നിഴൽ മാത്രം. ഈ നോവലിലൂടെ യുവാക്കളുടെ സ്വത്വ പ്രതിസന്ധി തന്നെയാണ് എം. ടി ചർച്ച ചെയ്യുന്നത്. സേതുവും സുമിത്രയും യുവാക്കളെ തെല്ലൊന്നുമല്ല ആകർഷിച്ചത്. യുവ മനസിന്റെ ആസക്തിയും ആഗ്രഹങ്ങളും പ്രതിഷേധവും ഇവിടെ മിന്നി മറയുന്നു.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കാലം 52 വർഷങ്ങൾ പിന്നിടുമ്പോഴും വായനക്കാരന്റെ ഉള്ളിൽ അനവധി ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു. നാലുകെട്ടും അസുരവിത്തും കാലവും ഏതൊരു ഗ്രാമത്തിന്റെയും കഥയാണ് പറയുന്നത്.
നാലുകെട്ടിലെ അപ്പുണ്ണിയും അസുരവിത്തിലെ ഗോവിന്ദൻകുട്ടിയും കുഞ്ഞരയ്ക്കാരും കാലത്തിലെ സേതുവുമൊക്കെ നമുക്കിടയിൽ ഉള്ള നമ്മൾ തന്നെയാണ് എന്ന് എഴുത്തുകാരൻ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എം. ടി യുടെ ആ സർഗ്ഗവൈഭവമാണ് വായനക്കാരനെ അദ്ദേഹത്തോടടുപ്പിക്കുന്നതും.
പ്രണയത്തിന്റെ വർത്തമാന”കാലം” കടന്ന് ഭൂത”കാല”ത്തിലേക്ക് കഥാപാത്രങ്ങൾ എത്തി നിൽക്കുമ്പോൾ സേതു തന്റെ പ്രണയം വീണ്ടും സുമിത്രയോട് പറയുമ്പോൾ സുമിത്രയുടെ ആ മറുപടി ഒന്ന് മാത്രം മതി ;മനുഷ്യ മനസ്സിനെ ഇത്രമാത്രം അപഗ്രഥിക്കുന്ന സംഭാഷണം മലയാളത്തിൽ മറ്റൊന്നില്ല… “സേതൂന്ന് എന്നും ഒരാളോടെ ഇഷ്ട്ടമുണ്ടായിരുന്നുള്ളൂ, സേതൂനോട് മാത്രം”.
അതെ ‘കാല’ങ്ങൾക്കപ്പുറം അരനൂറ്റാണ്ട് പിന്നിടുമ്പോഴും എം. ടി ആ ‘കാല’ത്തിലൂടെ വീണ്ടും വായിക്കപ്പെടുന്നു… കാലത്തിന് അവസാനമില്ലല്ലോ…
സ്വന്തം ലേഖകൻ
കാഴ്ചകളുടെ വസന്തവും, ഐതീഹ്യങ്ങളും നിറഞ്ഞ മടവൂർ പാറ
[fb_plugin video href=”https://www.facebook.com/107537280788553/videos/222584112873193″ ]