മോട്ടോർ വാഹന വകുപ്പ് ഇനി ഡിജിറ്റൽ വയർലെസ് സംവിധാനത്തിൽ. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിച്ചു. ആശയ വിനിമയം ഡിജിറ്റൽ വയർലെസ് സംവിധാനത്തിലാകുന്ന ഇന്ത്യയിലെ ആദ്യ ജില്ലയായി എറണാകുളം. സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തിയാക്കിയത്.
മോട്ടോർ വാഹന വകുപ്പിൻ്റെ സേവനങ്ങളെല്ലാം ഓൺലൈനായി ജനങ്ങളിലേക്കെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി കൊണ്ടിരിക്കുകയാണ്. ശാസ്ത്ര സാങ്കേതിക വിദ്യയുടെയും ഡിജിറ്റൽ ഉപകരണങ്ങളുടെയും സഹായത്തോടെ ഡ്രൈവിംഗ് ലൈസൻസുകൾ വീടുകളിരുന്ന് ലഭ്യമാക്കുന്ന സംവിധാനം ഏർപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി സിമുലേറ്ററുകൾ പ്രയോജനപ്പെടുത്തും. നിലവിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനായി ഡ്രൈവിംഗ് ടെസ്റ്റിന് നേരിടുന്ന ബുദ്ധിമുട്ടുകൾ ഇതിലൂടെ ഒഴിവാക്കാൻ കഴിയും എന്നും മന്ത്രി പറഞ്ഞു. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഒഴികെയുള്ള എല്ലാ വാഹനങ്ങളിലും ജി.പി.എസ് ഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതു മൂലം ഓരോ വാഹനങ്ങളും എവിടെയാണെന്നും ഏത് റോഡിലൂടെയാണ് സഞ്ചരിക്കുന്നതെന്നും മനസിലാക്കാൻ പറ്റും. ഇത് അപകടവും അഴിമതിയും കുറക്കും.
ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന മാൻ ലെസ്സ് വെയ്ബ്രിഡ്ജുകളും സംസ്ഥാന അതിർത്തികളിൽ സ്ഥാപിക്കും. റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ഭാരം മറ്റ് പരിശോധനകളില്ലാതെ മനസിലാക്കാൻ കഴിയും. ചെക് പോസ്റ്റുകൾ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡിജിറ്റൽ വയർലെസ് സംവിധാനം അടുത്ത ഘട്ടത്തിൽ പാലക്കാട്, ആലപ്പുഴ ജില്ലകളിലേക്ക് വ്യാപിപ്പിക്കും. നിലവിൽ എറണാകുളത്ത് 12 ഓഫീസുകളിലും 34 വാഹനങ്ങളിലും ആണ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. വയർലെസ് സംവിധാനം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പി.ടി. തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി., കളക്ടർ ജാഫർ മാലിക്, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ അജിത തങ്കപ്പൻ, തൃക്കാക്കര വാർഡ് കൗൺസിലർ ഉണ്ണി കാക്കനാട്, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോദ് ശങ്കർ, ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ഷാജി മാധവൻ, എന്നിവർ പ്രസംഗിച്ചു.