നീലേഞ്ചരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ പൊട്ടിത്തെറി വെടിക്കെട്ടിനുള്ള പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് തീപ്പൊരി വീണാണെന്ന് ദൃക്‌സാക്ഷികള്‍.പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന് നിരവധിപ്പേര്‍ ഉണ്ടായിരുന്നു. ഇവര്‍ക്കാണ് പരിക്കേറ്റത്. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ ഭിത്തിയില്‍ വിള്ളല്‍ വീണു. ചിലയിടത്ത് ഭിത്തി അടര്‍ന്നു വീണു. മുന്‍ വര്‍ഷങ്ങളിലും ഇവിടെയാണ് വെടികോപ്പുകള്‍ സൂക്ഷിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നതായി കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രത്തില്‍ ചൈനീസ് പടക്കങ്ങളാണ് പൊട്ടിച്ചത്. വെടിക്കെട്ട് നടത്തിയ സ്ഥലവും പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലവും അടുത്തടുത്തായിരുന്നു. വെടിക്കെട്ടിനുള്ള പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് തീപ്പൊരി വീണതാണ് അപകട കാരണം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഡി ശില്‍പ പറഞ്ഞു.
സംഭവത്തില്‍ 154 പേർക്ക് പരിക്കേറ്റു. ഇതില്‍ എട്ട് പേരുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച രാത്രി 12 മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവർക്ക് പൊള്ളലേറ്റിട്ടുണ്ട്.
മാരകമായി പൊള്ളലേറ്റവരെ മംഗളൂരു, കണ്ണൂർ, കോഴിക്കോട് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ചിലരെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.