കഠിനംകുളത്ത് ഭർതൃമതിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതി ജോണ്‍സണ്‍ ഔസേപ്പ്.ബുധനാഴ്ച്ച പുലർച്ചെ ആതിരയുടെ
വീട്ടിലെത്തിയ താൻ യുവതിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടെന്നും ഇതിനിടെയാണ് കത്തിഉപയോഗിച്ച് യുവതിയുടെ കഴുത്തില്‍ കുത്തിയതെന്നും ഇയാള്‍ പൊലീസിന് മൊഴിനല്‍കി. കൊലപാതകത്തിന് പിന്നാലെ ജീവനൊടുക്കാൻ ആലോചിച്ചിരുന്നെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.ബുധനാഴ്ച്ച രാവിലെ ആറരയോടെയാണ് പെരുമാതുറയിലെ മുറിയില്‍ നിന്ന് ആതിര താമസിക്കുന്ന വീടിന് സമീപം എത്തിയതെന്നും ഇയാള്‍ വെളിപ്പെടുത്തി. ആതിര കുട്ടിയെ സ്‌കൂള്‍ ബസ് കയറ്റി വിടുന്ന സമയം വരെ അവിടെ പതുങ്ങി നിന്നു. ഇതിനിടയില്‍ ആതിരയുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തുവെന്നും ജോണ്‍സണ്‍ മൊഴിനല്‍കി. കുട്ടി സ്കൂളില്‍ പോയതിന് പിന്നാലെയാണ് ആതിരയുടെ വീട്ടിലേക്ക് എത്തിയത്.വീട്ടിനുള്ളില്‍ പ്രവേശിച്ച ജോണ്‍സന് ആതിര ചായ നല്‍കി. ഈ സമയം കൈയില്‍ കരുതിയിരുന്ന കത്തി ജോണ്‍സൻ മുറിയിലെ മെത്തയ്ക്കുള്ളില്‍ ഒളിപ്പിച്ചു. ചായ കുടിച്ചതിന് ശേഷം ആതിരയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടു, ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ മെത്തക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തി. ഇട്ടിരുന്ന രക്തംപുരണ്ട ഷർട്ട് അവിടെ ഉപേക്ഷിച്ച് ആതിരയുടെ ഭർത്താവിന്റെ ഷർട്ട് ഇട്ടുകൊണ്ടാണ് സ്‌കൂട്ടറില്‍ രക്ഷപ്പെട്ടതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.ഇന്നലെയാണ് ജോണ്‍സണെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് കഠിനംകുളം പൊലീസിന് കൈമാറി. ആതിര കൊല്ലപ്പെട്ട് മൂന്നാം ദിവസമാണ് സുഹൃത്തായ ജോണ്‍സണെ പിടികൂടുന്നത്. ചിങ്ങവനത്തെ ഒരു വീട്ടില്‍ നിന്നാണ് ജോണ്‍സണ്‍ പിടിയിലായത്. വിഷം കഴിച്ചതായി ജോണ്‍സൻ തന്നെയാണ് പൊലീസിനോട് പറഞ്ഞത്. ഉടൻ പൊലീസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.